പ്രതീകാത്മക ചിത്രം

കൊൽക്കത്തയിലെ ‘കമ്മ്യൂണിസ്റ്റ് നാമ’ങ്ങൾ ഇല്ലാതാക്കാൻ ബി.ജെ.പി; എതിർപ്പുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റോഡുകൾ, പാലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മാറ്റുന്നതിന് ബി.ജെ.പി സർക്കാർ നിയോഗിച്ച സമിതി നിർദേശങ്ങൾ പരിഗണിക്കുന്നു. കൊൽക്കത്തയിലെ ലെനിൻ റോഡ്, കാൾ മാർക്സ് റോഡ്, ഹോചിമിൻ റോഡ് എന്നിവയുടെ പേരുകൾ മാറ്റാനുള്ള നിർദേശങ്ങളും ഇതിലുൾപ്പെടും.

ഭാരത് സേവാശ്രം സംഘത്തിലെ സ്വാമി പ്രദീപ്താനന്ദ എന്ന കാർത്തിക് മഹാരാജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് നിർദേശങ്ങൾ പരിശോധിക്കുന്നത്. ദുർഗാപൂജക്ക് ശേഷം ഒക്ടോബറിൽ സമിതിയുടെ ആദ്യ യോഗം ചേരുമെന്നാണ് പ്രതീക്ഷ. പേരുമാറ്റത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ശുപാർശകൾ പിന്നീട് കൊൽക്കത്ത മുനിസിപ്പൽ കോർപറേഷന്റെ പരിഗണനക്ക് വിടുമെന്നും സമിതി അംഗവും മുതിർന്ന ബി.ജെ.പി നേതാവുമായ തഥാഗത റോയ് പറഞ്ഞു.

കിഡ്ഡർപൂരിലെ കാൾ മാർക്സ് റോഡിന് ബംഗാളി കവികളായ മൈക്കൽ മധുസൂദൻ ദത്ത് അല്ലെങ്കിൽ രംഗലാൽ ബന്ദ്യോപാധ്യായയുടെ പേര് നൽകണമെന്നാണ് റോയിയുടെ നിർദേശം. പ്രദേശവുമായുള്ള ഇവരുടെ ബന്ധമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. നേരത്തെ ധർമതല സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന ലെനിൻ റോഡിന് ഗണിതശാസ്ത്രജ്ഞനും ഭാരതീയ ജനസംഘിന്റെ മുൻ ദേശീയ അധ്യക്ഷനുമായ ദേബപ്രസാദ് ഘോഷിന്റെ പേര് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഹോചിമിൻ റോഡിന് അമേരിക്കൻ പൗരാവകാശ നേതാവ് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പേര് നൽകാനും നിർദേശമുണ്ട്.

മുസ്‍ലിം വ്യക്തിത്വങ്ങളുടെ പേരിലുള്ള ചില സ്ഥലങ്ങളുടെ പേരുകളും മാറ്റണമെന്ന് റോയ് നിർദേശിച്ചിട്ടുണ്ട്. ബരാസത്തിലെ തിതുമീർ പേരിലുള്ള ബസ് സ്റ്റാൻഡിന് എഴുത്തുകാരൻ ഖാസി അബ്ദുൽ വദൂദ്, വിദ്യാഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായ ബീഗം റുക്കയ്യ, എഴുത്തുകാരൻ എസ്. വാജിദ് അലി എന്നിവരിൽ ഒരാളുടെ പേര് നൽകണമെന്നാണ് നിർദേശം.

പേരുമാറ്റ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് പാർട്ടി വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്ന പ്രമുഖരെ ആദരിക്കുന്ന പാരമ്പര്യം നിലനിർത്തണമെന്നും ലെനിൻ റോഡിന്റെ പേര് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോ സ്റ്റേഷനുകൾക്ക് പ്രമുഖരുടെ പേര് നൽകിയത് അവരുടെ സംഭാവനകളെയും അതത് പ്രദേശങ്ങളുമായുള്ള ബന്ധത്തെയും ആദരിക്കാനാണെന്നും ഘോഷ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - BJP Targets Communist Names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.