കർണാടകയിൽ ഗണേശോത്സവ കമ്മിറ്റിയുടെ അമരത്ത് 18 വർഷമായി ഒരു മുസ്‌ലിം വനിത; മാതൃകയായി സുബൈദ

ചിക്മംഗളൂരു: മതത്തിന്റെയും ജാതിയുടെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്ന ഇക്കാലത്ത്, മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി കർണാടകയിലെ നരസിംഹരാജപുര (എൻ.ആർ പുര). ഇവിടെയുള്ള പ്രശസ്തമായ ഗണേശോത്സവ സേവാ സമിതിയുടെ നേതൃസ്ഥാനത്ത് കഴിഞ്ഞ 18 വർഷമായി സേവനമനുഷ്ഠിക്കുന്നത് ഒരു മുസ്‌ലിം വനിതയാണ്. എൻ.ആർ പുര ടൗൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ സുബൈദയാണ് രാജീവ്നഗർ ശ്രീ വിനായക സേവാ സമിതിയുടെ അമരത്തിരുന്ന് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

എല്ലാ വർഷവും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗണേശോത്സവത്തിന് പന്തലൊരുക്കുന്നത് മുതൽ വിഗ്രഹ നിമജ്ജനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുബൈദ സജീവ സാന്നിധ്യമാണ്. ഗണപതി ഹോമം, സത്യനാരായണ പൂജ തുടങ്ങിയ പ്രധാന ചടങ്ങുകളുടെ മേൽനോട്ടം വഹിക്കുന്നതും ഇവരാണ്. പന്തലും പരിസരവും ചാണകം മെഴുകി വൃത്തിയാക്കാനും വർണാഭമായ രംഗോലികൾ വരയ്ക്കാനും മുന്നിൽ നിന്ന് പ്രദേശത്തെ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതും സുബൈദയാണ്. പ്രാദേശിക യുവാക്കളുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയോടെ ആചാരപരമായ എല്ലാ പൂജകളും മുറപ്രകാരം നടക്കുന്നുണ്ടെന്ന് ഇവർ ഉറപ്പുവരുത്തുന്നു.

ഇതിനുപുറമെ, നഗരത്തിലെ കാർത്തിക ദീപോത്സവ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്ന സുബൈദ അശ്വത്ഥകട്ടെയ്ക്ക് സമീപമുള്ള നാഗരബാനയിലെ ദീപോത്സവ ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. പ്രദേശത്തെ മറ്റ് ഗണേശ പന്തലുകൾ സന്ദർശിക്കാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും ഹിന്ദു കുടുംബങ്ങളിൽ നിന്നു പ്രസാദം സ്വീകരിക്കാനും അവർ മടിക്കാറില്ല. 'ഞാൻ എന്നെ ആദ്യം ഒരു ഭാരതീയയായി മാത്രമാണ് കാണുന്നത്. മതവും ജാതിയും അതിനുശേഷമേ വരുന്നുള്ളൂ. സ്വന്തം മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ എല്ലാ മതങ്ങളെയും ആദരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. ഞങ്ങൾ ഹിന്ദു ഉത്സവങ്ങളിൽ പങ്കുചേരുമ്പോൾ തിരിച്ചവർ മുസ്‌ലിം പെരുന്നാളുകൾക്കും ഞങ്ങളുടെ വീടുകളിലെത്തും. ഇവിടെ എല്ലാവരും ഒരൊറ്റ മനസ്സോടെയാണ് ജീവിക്കുന്നത്,' സുബൈദ പറയുന്നു.

ദരിദ്രരായ സ്ത്രീകൾക്ക് ഉത്സവകാലങ്ങളിൽ സാമ്പത്തിക സഹായം എത്തിക്കുന്നതിനൊപ്പം, സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന സൗജന്യ തയ്യൽ പരിശീലന കേന്ദ്രവും സുബൈദ നടത്തുന്നുണ്ട്. മതത്തിന്റെ പേരിൽ വിദ്വേഷം വിതയ്ക്കുന്നവർ സുബൈദയുടെ ജീവിതം കണ്ടു പഠിക്കണമെന്നാണ് പ്രദേശത്തെ മറ്റ് സമുദായ നേതാക്കളും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നത്.

Tags:    
News Summary - Karnataka Muslim Woman Leads Ganesha Samiti, Celebrates Festival for 18 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.