കർണാടക ഹൈകോടതി

വന്ദേമാതരം രണ്ട് ചരണങ്ങളിൽ ചുരുക്കിയ നടപടി; കർണാടക സർക്കാറിനെതിരെ ഹൈകോടതിയിൽ ഹരജി

ബംഗളൂരു: സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. സെപ്റ്റംബർ എട്ടിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അഭിഭാഷകൻ ഗിരീഷ് ഭരദ്വാജാണ് അഭിഭാഷകൻ അംഗദ് കാമത്ത് മുഖേന ഹരജി നൽകിയത്.

ഹരജി ഇന്ന് പരിഗണനക്കായി പരാമർശിച്ചേക്കും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. മറ്റ് സർക്കാർ പരിപാടികളിൽ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കേണ്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലൈ ഒമ്പതിന് പുറത്തിറക്കിയ കത്തിൽ ഔദ്യോഗിക ആറ് ചരണങ്ങളുള്ള പതിപ്പ് എല്ലാ അവസരങ്ങളിലും ആലപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രോട്ടോക്കോളിൽനിന്ന് വ്യത്യസ്തമായ നിർദേശം നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.

സംസ്ഥാന നിയമസഭക്ക് നിയമം വഴി ചെയ്യാൻ കഴിയാത്ത കാര്യം ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരമുള്ള എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാറിനും ചെയ്യാനാകില്ലെന്നാണ് ഹരജിക്കാരന്റെ വാദം. ഭരണഘടനയിലെ 256, 257(1) അനുച്ഛേദങ്ങൾക്കും ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമത്തിൽ 2026ൽ വരുത്തിയ ഭേദഗതിക്കും സർക്കാർ ഉത്തരവ് വിരുദ്ധമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

മന്ത്രിസഭാ തീരുമാനം കൈക്കൊണ്ട നടപടിക്രമവും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കാബിനറ്റ് നോട്ട് തയ്യാറാക്കാതെയും നിയമവകുപ്പിന്റെ അഭിപ്രായം തേടാതെയും ‘അനൗപചാരിക ചർച്ച’യിലൂടെയാണ് തീരുമാനമെടുത്തതെന്നാണ് ആരോപണം. ഇത് 1977ലെ ട്രാൻസാക്ഷൻ ഓഫ് ബിസിനസ് റൂൾസിന് വിരുദ്ധമാണെന്നും ഭരണഘടനയുടെ 19(1)(a) അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Vande Mataram Row Reaches Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.