ചെക്ക് കേസിൽ രാജ്പാൽ യാദവിന് ആശ്വാസം; രണ്ടാഴ്ചക്കുള്ളിൽ 2 കോടി കെട്ടിവെച്ചില്ലെങ്കിൽ ജയിൽ!
ന്യൂഡൽഹി: കോടികളുടെ ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. ഉടനടി തടവിലാകുന്നത് ഒഴിവായെങ്കിലും, രണ്ടാഴ്ചയ്ക്കകം രണ്ട് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി) കെട്ടിവെക്കണമെന്ന കർശന ഉപാധിയോടെയാണ് പരമോന്നത കോടതി നടന് ആശ്വാസം അനുവദിച്ചത്. തുക കെട്ടിവെക്കാൻ ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കും ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം പാസ്‌പോർട്ട് ഉടനടി സറണ്ടർ ചെയ്യാനും നടനോട് നിർദ്ദേശിച്ചിട്ടുണ്ട്.
'മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുമായി ബന്ധപ്പെട്ട ഏഴ് ചെക്ക് കേസുകളിലാണ് രാജ്പാൽ യാദവ് നിയമക്കുരുക്കിലായത്. കേസുകളിൽ യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡൽഹി ഹൈകോടതി, ഓരോ കേസിലും മൂന്ന് മാസം വീതം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ രാജ്പാൽ യാദവും ഭാര്യ രാധാ യാദവും സമർപ്പിച്ച അപ്പീൽ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിർണായക ഇടപെടൽ.
ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി, ഡൽഹി ഹൈകോടതി വിധിക്കെതിരായ അപ്പീൽ തീർപ്പാക്കുന്നത് വരെ തടവുശിക്ഷയ്ക്ക് താൽക്കാലിക സംരക്ഷണം നൽകുകയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനകം രണ്ട് കോടി രൂപ കെട്ടിവെച്ചില്ലെങ്കിൽ ഉത്തരവ് റദ്ദാക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.