ജന്തർമന്തർ അക്രമം: 'ഹിന്ദുത്വ ഇൻഫ്ലുവൻസർ' സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം
ന്യൂഡൽഹി: ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ ദലിത് വിദ്യാർഥിനിയുടെ പിതാവിനെ മർദിച്ച കേസിൽ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന് ഡൽഹി കോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. കഴിഞ്ഞ ജൂണിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെപ്റ്റംബർ അഞ്ചിന് ഉത്തർപ്രദേശിൽ വെച്ച് അറസ്റ്റിലായ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഭവസ്ഥലത്ത് വെച്ച് പരാതിക്കാരനാണ് ഭരദ്വാജിനെ ആക്രമിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ ഉമേഷ് ശർമ കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ജാമ്യ ഉത്തരവ്. "പൊലീസ് ഈ വിഡിയോ കാണുന്നില്ല. പരാതിക്കാരൻ എന്നെ ആക്രമിക്കുന്നതും ഞാൻ താഴെ വീഴുന്നതും വിഡിയോയിൽ വ്യക്തമായി കാണാം"- എന്ന് അഭിഭാഷകൻ വാദത്തിനിടെ കോടതിയെ അറിയിച്ചു.
രാഷ്ട്രീയ കാരണങ്ങളാലാണ് ഭരദ്വാജിനെതിരെ എസ്.സി/എസ്.ടി വകുപ്പുകൾ ചുമത്തിയതെന്നും ശർമ ആരോപിച്ചു. ജൂൺ 27ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നതായും, 29ന് ഹാജരായ ശേഷം ഇയാളെ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. "പിന്നീട് നടന്ന ചില രാഷ്ട്രീയ നീക്കങ്ങളെത്തുടർന്ന് സെപ്റ്റംബർ നാലിന് വീണ്ടും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പോക്സോ നിയമപ്രകാരം പുതിയ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു"- പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പരാതിക്കാരന്റെ അഭിഭാഷക സ്വാതി ഖന്ന, ഭരദ്വാജ് ജാതീയമായി അധിക്ഷേപിച്ചുവെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരനെ താനാണ് ആക്രമിച്ചതെന്ന് ഇയാൾ തന്നെ ഒരു വിഡിയോയിൽ സമ്മതിച്ചിട്ടുള്ള കാര്യവും അവർ ഉന്നയിച്ചു. എന്നാൽ ആദ്യ പരാതിയിൽ ജാതീയ അധിക്ഷേപത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ലെന്നും, പിന്നീട് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.സി/എസ്.ടി ആക്ട് ഉൾപ്പെടുത്തിയതെന്നും ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഭരദ്വാജ് നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജി തള്ളിയിരുന്ന കാര്യവും അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടക്കത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 115(2), 126(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. പിന്നീട് എസ്.സി/എസ്.ടി ആക്ട്, പോക്സോ നിയമം എന്നിവയും ഇതിൽ കൂട്ടിച്ചേർക്കുകയായിരുന്നു. സി.ജെ.പി നേതാക്കളും വിദ്യാർഥിനിയും പിതാവും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു പൊലീസ് നടപടി കർശനമാക്കിയത്. കഴിഞ്ഞ ദിവസം ഇയാളുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 21 വരെ നീട്ടിയിരുന്നു.
പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ പിതാവിന്റെ തല താൻ അടിച്ചുപൊട്ടിച്ചുവെന്നും എൻ.ഡി.എ നേതാക്കളുമായുള്ള ബന്ധം കാരണമാണ് താൻ അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഭരദ്വാജ് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടത് വലിയ വിവാദമായിരുന്നു. എൻ.ഡി.എ നേതാക്കളായ കപിൽ മിശ്ര, ചിരാഗ് പാസ്വാൻ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ ഈ അവകാശവാദം നിഷേധിച്ച ചിരാഗ് പാസ്വാൻ, തന്റെ പേര് ദുരുപയോഗം ചെയ്തതിന് ഭരദ്വാജിനെതിരെ പ്രത്യേക പരാതി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.