ഉമർ അബ്ദുല്ല
സഖ്യകക്ഷികൾ തന്നെ എതിർക്കുമ്പോൾ രാജ്യത്ത് ഏക സിവിൽകോഡ് എങ്ങനെ നടപ്പാക്കുമെന്ന് ഉമർ അബ്ദുല്ല
ന്യൂഡൽഹി: എൻ.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു തന്നെ ബിഹാറിൽ ഏക സിവിൽകോഡ് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കെ രാജ്യത്താകെ നിയമം നടപ്പാക്കുമെന്ന് എങ്ങനെ പറയാനാകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 2029ന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ശ്രീനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഉമർ അബ്ദുല്ല ഇക്കാര്യം പറഞ്ഞത്. ഓരോ സംസ്ഥാനത്തും പ്രത്യേകം യു.സി.സി നടപ്പാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം നിയമനിർമാണം പാർലമെന്റിന്റെ പരിധിയിലുള്ള വിഷയമാണെന്നും ഉമർ പറഞ്ഞു.
എൻ.ഡി.എയിലെ എല്ലാ കക്ഷികളും യു.സി.സിയെ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.ഡി.യു ബിഹാറിൽ യു.സി.സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, രാജ്യത്താകെ നിയമം നടപ്പാക്കുമെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. യു.സി.സി സംബന്ധിച്ച ബിൽ പാർലമെന്റിൽ പാസാക്കാൻ കേന്ദ്രത്തിന് കഴിയുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നാഷനൽ കോൺഫറൻസ് ഇക്കാര്യത്തിൽ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്യസഭാംഗം ഷമ്മി ഒബ്റോയി യു.സി.സി നടപ്പാക്കേണ്ടത് പാർലമെന്റിന്റെ ചുമതലയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണം പരാമർശിക്കുകയും അപലപിക്കുകയും ചെയ്തതിനെ ഉമർ സ്വാഗതം ചെയ്തു. പാകിസ്താന്റെ പ്രധാന അന്താരാഷ്ട്ര സഖ്യകക്ഷികൾ ഉൾപ്പെട്ട വേദിയിൽ ആക്രമണം പേരെടുത്ത് പരാമർശിക്കപ്പെട്ടത് ഇന്ത്യൻ വിദേശനയത്തിന്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
വടക്കൻ അതിർത്തിയിലെ സൈനിക സാഹചര്യവുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലും ഉമർ പ്രതികരിച്ചു. നിയന്ത്രണരേഖയിലും യഥാർഥ നിയന്ത്രണരേഖയിലും (എൽ.എ.സി) സംഘർഷം കുറക്കുകയും സൈനിക വിന്യാസം കുറക്കുകയും ചെയ്യുന്ന നടപടികളെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിക്ക് സമീപം താമസിക്കുന്നവർക്ക് സംഘർഷം കുറയുന്നത് ഏറെ ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മുംബൈയിൽ നടന്ന പരിപാടിയിലാണ് 2029ന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.