ന്യൂഡൽഹി: വിസ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് കർശന മുന്നറിയിപ്പുമായി ഇന്ത്യയിലെ യു.എസ് എംബസി. ഗുരുതരമായ നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ യാത്രക്കാർ അനുവദനീയമായ താമസ കാലയളവ് കർശനമായി പാലിക്കണമെന്നും എംബസി അധികൃതർ നിർദേശം നൽകി.
അനുവദനീയമായ കാലയളവിനപ്പുറം യു.എസിൽ തുടരുന്നത് കടുത്ത ശിക്ഷകൾക്ക് കാരണമാകുമെന്നാണ് ഇന്ത്യയിലെ യു.എസ് എംബസി എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്.
''നിങ്ങളുടെ അംഗീകൃത താമസ കാലയളവ് കഴിഞ്ഞിട്ടും യു.എസിൽ തുടരുകയാണെങ്കിൽ നിങ്ങളെ നാടുകടത്തിയേക്കാം. മാത്രമല്ല, ഇനിയൊരിക്കലും അമേരിക്കയിലേക്ക് തിരിച്ചുപോകാൻ കഴിയാത്തത്ര രീതിയിലുള്ള ആജീവനാന്ത യാത്ര വിലക്കും നേരടേണ്ടി വന്നേക്കാം''-എന്നാണ് എംബസി എക്സിൽ കുറിച്ചത്.
സാധാരണ യു.എസിലെത്തുമ്പോൾ നൽകുന്ന നിർണായക രേഖയായ ഐ-94 ഫോമിൽ അനുവദിക്കപ്പെട്ട താമസ കാലയളവ് പരാമർശിച്ചിരിക്കും. അതായത് ഒരു സന്ദർശകൻ രാജ്യത്ത് തുടരാൻ അനുവാദമുള്ള കൃത്യമായ സമയപരിധി ആ ഫോമിൽ പറഞ്ഞിരിക്കും.
അനധികൃത കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിട്ടാൽ അവരുടെ യാത്രാചെലവ് വഹിക്കുമെന്നും 1000 ഡോളർ സ്റ്റൈപ്പന്റായി നൽകുമെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ഒരു നിയമവിരുദ്ധ വിദേശിയെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിൽ വയ്ക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ശരാശരി ചെലവ് 17,121 യു.എസ് ഡോളറാണ്. ഈ ചെലവ് കുറക്കലാകാം ഇത്തരമൊരു നടപടിയിലേക്ക് യു.എസിനെ പ്രേരിപ്പിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.