അതീഖ് അഹ്‌മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം; കനത്ത ജാഗ്രതയിൽ യു.പി പൊലീസ്

ലഖ്‌നോ: പ്രയാഗ്‌രാജിൽ സമാജ്‌വാദി പാർട്ടി മുൻ എം.പി. അതീഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രതയുമായി ഉത്തർപ്രദേശ് പൊലീസ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പൊലീസ് ഫ്‌ളാഗ് മാർച്ചും പട്രോളിങും നടത്തി.

സംഭവത്തിന് പിന്നാലെ തങ്ങൾ ജാഗരൂകരാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിർത്തണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതായും പൊലീസ് സൂപ്രണ്ട് അവിനാഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ലഖ്‌നോവിലെ ഹുസൈനാബാദിൽ യു.പി പൊലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. മഥുരയിൽ പൊലീസ് പട്രോളിങ് നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയതായി യു.പി പൊലീസ് അറിയിച്ചു. അയോധ്യയിൽ പൊലീസ് പട്രോളിങ് നടത്തിയതായും അധികൃതർ അറിയിച്ചു.

തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ചയാണ് ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ് വാദി പാർട്ടി മുൻ എം.പിയുമായ അതീഖ് അഹമ്ദിനെയും സഹോദരനെയും ആറംഗ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. തുടർന്ന് യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേർ യു.പി പൊലീസിന്‍റെ പിടിയിലായതായാണ് റിപ്പോർട്ട്.

Tags:    
News Summary - UP Police On High Alert, Patrolling Across State After Atiq Ahmed's Killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.