മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ അവസാനിപ്പിച്ച രാജ്യത്തിപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയായെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഭരണഘടനയിൽ വിശ്വാസമില്ലാത്ത, അതുപ്രകാരം പ്രവർത്തിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെയും സർക്കാറിന്റെയും ഭരണപരാജയങ്ങളും ദൗർബല്യങ്ങളും ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് ‘ഭരണഘടനാ ഹത്യ’യുടെ പേരിലുള്ള നാടകം കളിക്കുന്നത്. ഭരണഘടന അപകടത്തിലാക്കുന്നത് മോദിയാണ്.
മോദി ചെയ്യുന്നത് ഒന്നും മോദി പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗത്തിന് വരാത്ത, പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാത്ത മോദിക്ക് എന്ത് വേദനയാണ് രാജ്യത്തിന്റെ കാര്യത്തിലുള്ളത്. മണിപ്പൂർ കത്തുമ്പോൾ എല്ലാ ദേശങ്ങളും ചുറ്റിയടിച്ചിട്ടും മണിപ്പൂരിൽ പോകാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പ്രതിപക്ഷ നേതാവ് ജമ്മു-കശ്മീരിലും മണിപ്പൂരിലും പോയി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ നിർമാണത്തിലും ഒരു പങ്കുമില്ലാത്തവരാണ് അടിയന്തരാവസ്ഥ കഴിഞ്ഞ് 50 വർഷങ്ങൾക്കുശേഷം അതേക്കുറിച്ച് പറഞ്ഞ് ഭരണഘടന സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്.
ഭരണഘടനാ നിർമാണത്തിൽ ഇവർ സഹകരിച്ചില്ലെന്ന് മാത്രമല്ല, അതിനെതിരെ സംസാരിക്കുകയും രാംലീല മെതാനിയിൽ ഭരണഘടന കത്തിക്കുകയും ചെയ്തു. അംബേദ്കറുടെയും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങളും കത്തിച്ച് മനുസ്മൃതിയുടെ തത്ത്വങ്ങളോ ബി.ജെ.പിയുടെ വിശ്വാസങ്ങളോ ഇല്ലാത്ത ഭരണഘടന അംഗീകരിക്കില്ലെന്ന് പറഞ്ഞവർക്ക് ഭരണഘടനക്ക് വേണ്ടിയിറങ്ങാൻ ഭഗവാനാണ് ബുദ്ധി നൽകിയതെന്ന് ഖാർഗെ പരിഹസിച്ചു.
രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തിയ ഭരണഘടനാ സംരക്ഷണ യാത്രയിൽ ബി.ജെ.പി പേടിച്ചതാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയുടെ 50ാം വർഷത്തെ കുറിച്ചും ഭരണഘടനയെക്കുറിച്ചും പറയുന്നത്. രാജ്യത്ത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവുമില്ല. വിദ്യാർഥികളും മാധ്യമപ്രവർത്തകരും വല്ലതും പറഞ്ഞാലും എഴുതിയാലും അവരെ രാജ്യദ്രോഹികളാക്കുകയാണ്. നമ്മൾ വല്ലതും പറഞ്ഞാൽ രാജ്യദ്രോഹി. അദ്ദേഹം എന്തു പറഞ്ഞാലും രാജ്യസ്നേഹി. സഹിഷ്ണുതയും സാഹോദര്യവുമില്ലാത്ത, അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത ആളുകൾ എങ്ങനെ ഭരണഘടനയുടെ സംരക്ഷകരാകുമെന്നും ഖാർഗെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.