ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ 40-45 ദിവസത്തേക്കുള്ള, 10 കോടി ബാരൽ അസംസ്കൃത എണ്ണയുടെ സ്റ്റോക്ക് മാത്രം ബാക്കിനിൽക്കേ, റഷ്യയിൽനിന്ന് വെട്ടിക്കുറച്ച എണ്ണ ഇറക്കുമതി കൂട്ടാൻ വീണ്ടും നീക്കം. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ആഗോള എണ്ണ വിപണിയിൽ ഉടലെടുക്കുന്ന പ്രതിസന്ധിയുടെ ആഘാതം മറികടക്കാനുള്ള അടിയന്തര പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിവരുകയാണ്. പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബദൽ കപ്പൽ പാതകളുടെ സാധ്യതകളും പരിഗണിക്കുന്നുണ്ട്.
സ്റ്റോറേജ് ടാങ്കുകളിലും ഭൂഗർഭ ശേഖരങ്ങളിലും രാജ്യത്തേക്ക് വരുന്ന കപ്പലുകളിലുമുള്ള എണ്ണയുടെ അളവ് പരമാവധി 45 ദിവസത്തെ ഉപയോഗത്തിന് മാത്രമാണ് തികയുക. ഇറാൻ ഹുർമുസ് കടലിടുക്ക് കപ്പൽപാത അടച്ചതോടെ എണ്ണ ലഭ്യതയുടെ കാര്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയാണ് മുന്നിൽ കാണുന്നത്.
രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 88 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുമ്പോൾ, അതിന്‍റെ 50 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തേണ്ടത്.
അതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന ഇറാന്‍റെ ഭീഷണിയും നിലവിലുണ്ട്. അസംസ്കൃത എണ്ണയുടെ വരവ് തൽക്കാലത്തേക്കാണെങ്കിലും നിലച്ചാൽ ഇന്ധന ലഭ്യതയുടെ കാര്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും വിലക്കയറ്റത്തിലേക്ക് നയിക്കുന്ന സാഹചര്യം സംജാതമാകുമെന്നും എണ്ണക്കപ്പലുകളുടെ നീക്കങ്ങളും ഡേറ്റയും നിരീക്ഷിക്കുന്ന ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപ്ലർ കമ്പനിയുടെ ലീഡ് റിസർച് അനലിസ്റ്റ് സുമിത് റിത്തോലിയ പറഞ്ഞു.
പ്രതിസന്ധികൾ മുന്നിൽക്കണ്ടാണ് അടിയന്തര നടപടികൾ എടുക്കാനുള്ള സർക്കാർ നീക്കം. എണ്ണ വിപണന കമ്പനികളുടെ പ്രതിനിധികളുമായി സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. റഷ്യയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന കാര്യം ഉൾപ്പെടെ പല സാധ്യതകളും പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.