വ്ളാ​ദി​മി​ർ പു​ടി​ൻ, നരേന്ദ്ര മോദി

ആവശ്യമെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകും; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ സഹായവാഗ്‌ദാനവുമായി റഷ്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പിന്തുണയുമായി റഷ്യ. ഗൾഫ് മേഖലയിലെ സംഘർഷം മൂലം ആഗോള എണ്ണ വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യക്ക് ആവശ്യമായ അധിക ഇന്ധനം നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 50 ദിവസത്തേക്ക് ആവശ്യമായ ഇന്ധനം ഇന്ത്യയുടെ പക്കലുണ്ട്. 25 ദിവസത്തെ ക്രൂഡ് ഓയിലും 25 ദിവസത്തെ പെട്രോളിയം ഉൽപ്പന്നങ്ങളും (പെട്രോൾ, ഡീസൽ, എ.ടി.എഫ്) ഇതിൽ ഉൾപ്പെടും. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഇത് ധാരാളമാണെന്നും സര്ക്കാര് വാക്താക്കൾ പറഞ്ഞു. ഇന്ധന ലഭ്യത നിരീക്ഷിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെയും എൽ.പി.ജിയുടെയും പകുതിയോളം കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം ഈ പാതയിലെ കപ്പൽ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കാത്ത ബദൽ മാർഗങ്ങളിലൂടെ ഇന്ധനം എത്തിക്കാനുള്ള ശ്രമങ്ങളും സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.

നേരത്തെ അമേരിക്കയുമായുള്ള വ്യാപാര ധാരണയുടെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ ആഗോള സാഹചര്യങ്ങളും അമേരിക്കൻ നികുതി നയങ്ങളിലെ മാറ്റങ്ങളും റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിലേക്ക് ഇന്ത്യയെ നയിച്ചേക്കാം. പശ്ചിമേഷ്യയിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടാൽ ഇന്ത്യക്ക് റഷ്യ വലിയൊരു ആശ്വാസമാകും.

ഇന്ധന ലഭ്യതയിൽ നിലവിൽ കുറവില്ലെങ്കിലും രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഇറക്കുമതി ചിലവ് വർധിപ്പിക്കാനും രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകാനും സാധ്യതയുണ്ട്.

വ്യോമയാന മേഖലയിലും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തിന്റെ കണക്കുകൾ ഏഴു ദിവസത്തേക്കുള്ള ആവശ്യകതയുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു.

Tags:    
News Summary - Russia will provide oil to India if needed; promises help amid West Asian crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.