മംഗളൂരു: ഉള്ളാൾ ജുമാമസ്ജിദിന് സമീപം ബോംബ് സ്ഫോടനം നടത്തുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കൽ ദേവിനഗർ സ്വദേശി ശങ്കർ മസ്തപ്പ മോഗറാണ് (35) പിടിയിലായത്.
'ശങ്കർ11916' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ഉപയോഗിച്ച് പ്രതി "സപ്പോർട്ട് മാഡി ബ്രോ ഉള്ളാൽ മസ്ജിദ് ഹത്ര ബോംബ് സ്ഫോടനം മദ്‌തിനി" (എന്നെ പിന്തുണയ്ക്കൂ സഹോദരാ, ഞാൻ ഉള്ളാൽ പള്ളിക്ക് സമീപം ഒരു ബോംബ് സ്ഫോടനം നടത്തും) എന്ന വാചകമാണ് പോസ്റ്റ് ചെയ്തത്. ഇതിന്‍റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയ മോണിറ്ററിങ് ഡ്യൂട്ടിയിലായിരുന്ന സന്തോഷ് ദൊഡ്ഡമണിയാണ് ഭീഷണി കമന്റ് ആദ്യം കണ്ടത്. ഭീഷണിയുടെ തീവ്രത തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശങ്കർ മോഗറിനെ പിടികൂടുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി ഭീഷണി മുഴക്കുകയോ, സാമുദായിക ഐക്യം തകർക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.