ഇന്ത്യ കൺട്രോൾ റൂം തുറന്നു; ഗൾഫിൽനിന്ന് കൂടുതൽ വിമാന സർവിസുകൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുതിയ കൺട്രോൾ റൂം തുറന്നു. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് കൺട്രോൾ റൂം പ്രവർത്തനം. 1800118797 (ടോൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടന്നതോടെയാണ് എംബസികൾക്കു പുറമേ, മേഖലയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി പുതിയ കൺട്രോൾ റൂം തുറന്നത്. അതേസമയം, കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തും. ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവിസ് നടത്തും.

ഫുജൈറയിൽനിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സ്പൈസ്ജെറ്റ് സർവിസ് നടത്തും. എയർ ഇന്ത്യ മുംബൈയിൽ നിന്ന് ദുബൈയിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽനിന്ന് ദുബൈയിലേക്കുമാണ് മൂന്ന് വലിയ (വൈഡ് ബോഡി) വിമാനങ്ങൾ അയച്ചത്. ഈ വിമാനങ്ങൾ ഇന്നുതന്നെ ഇന്ത്യയിലേക്ക് തിരിച്ചും സർവിസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്നുള്ള സർവിസുകൾ ഇന്ന് തുടരും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അധിക സർവിസുകൾ നടത്തുന്നത്. ഇൻഡിഗോ കമ്പനി ജിദ്ദയിൽ നാലു വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ക്രമീകരിച്ചു.

അതേസമയം, കേരളത്തിൽനിന്നുള്ള നിരവധി ഗൾഫ് സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള 20 സർവിസുകൾ റദ്ദാക്കി. കരിപ്പൂരിൽ എത്തേണ്ട 20 സർവിസുകളും റദ്ദാക്കി. ഫ്ളൈനാസ് (റിയാദ്), സലാം എയർ (മസ്ക്കത്ത്) എന്നിവ സർവിസ് നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള 14 വിമാനങ്ങളും പുറപ്പെടേണ്ട 13 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഫുജൈറയിൽ നിന്ന് 186 യാത്രക്കാരുമായുള്ള വിമാനം നെടുമ്പാശ്ശേരിയിലെത്തി.

Tags:    
News Summary - MEA sets up emergency Control Room amid rising tensions in West Asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.