മാട്രിമോണിയൽ സൈറ്റിലൂടെ ആൾമാറാട്ടം, തട്ടിയെടുത്തത് ലക്ഷങ്ങൾ; യുവാവ് പിടിയിൽ

പുണെ: മാട്രിമോണിയൽ സൈറ്റിലൂടെ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. മാട്രിമോണിയിൽ രജിസ്റ്റർ ചെയ്ത 28കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്നുമാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് 42.64 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതി നൽകിയ പരാതിയിൽ അലിബാഗ് സ്വദേശിയായ ജയേഷ് പാട്ടീലിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ സമാനമായ മറ്റൊരു തട്ടിപ്പുകേസിൽ നവി മുംബൈ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കഴിഞ്ഞ നവംബറിലാണ് ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയുമായി പ്രതി മാട്രിമോണിയൽ സൈറ്റ് വഴി ബന്ധപ്പെടുന്നത്. താൻ ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ യുവതിയുമായി അടുപ്പത്തിലായത്. മാന്യമായ ജോലി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ വിശ്വസിപ്പിച്ച് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയ ഇയാൾ ഉടൻ തന്നെ വിവാഹാഭ്യർത്ഥനയും നടത്തി.

യുവതിയെ നേരിൽ കാണാനായി പ്രതി പുണെയിൽ എത്തിയിരുന്നു. നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെ വിശ്വാസം ഉറപ്പിച്ചതോടെയാണ് പണം ആവശ്യപ്പെട്ട് തുടങ്ങിയത്. വിവാഹശേഷം ഒരുമിച്ച് താമസിക്കാനുള്ള ഭൂമിയും വസ്തുവകകളും വാങ്ങാനെന്ന വ്യാജേനയാണ് പ്രതി പണം ആവശ്യപ്പെട്ടത്. നവംബർ 2024 മുതൽ ജനുവരി 2025 വരെയുള്ള മൂന്ന് മാസത്തിനിടെ പല ഘട്ടങ്ങളിലായി 42.64 ലക്ഷം രൂപയാണ് യുവതി കൈമാറിയത്. എന്നാൽ, പിന്നീട് ഇയാളുടെ ജോലിയെക്കുറിച്ച് സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തിലാണ് ശാസ്ത്രജ്ഞനാണെന്ന വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞത്. ഉടൻ തന്നെ ഓൺലൈനായി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

പ്രതി ജയേഷ് പാട്ടീൽ നേരത്തെയും ഒരു വനിതാ എൻജിനീയറെ സമാനരീതിയിൽ കബളിപ്പിച്ചതിന് പിടിയിലായിട്ടുണ്ട്. ഇത്തരത്തിൽ യുവതികളിൽ നിന്ന് തട്ടിച്ച പണം ഉപയോഗിച്ച് ഗോവയിലെ കാസിനോകളിലും മറ്റും ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു. തട്ടിയെടുത്ത തുകയിൽ 16.65 ലക്ഷം രൂപ മരവിപ്പിക്കാനും വീണ്ടെടുക്കാനും പൊലീസിന് സാധിച്ചിട്ടുണ്ട്. ബാക്കി 27 ലക്ഷം രൂപക്കായുള്ള അന്വേഷണം തുടരുകയാണ്. മാർച്ച് 4 വരെ നവി മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ കാലാവധി കഴിഞ്ഞാലുടൻ കസ്റ്റഡിയിൽ വാങ്ങാനാണ് വാക്കഡ് പൊലീസിന്റെ തീരുമാനം. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Man poses as Isro scientist on matrimony site, dupes Pune techie of Rs 42 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.