ബംഗളൂരുവിൽ എബോളയില്ലെന്ന് സ്ഥിരീകരണം; ഉഗാണ്ടയിൽ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്

ബംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ വീണ്ടും പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ആശങ്ക പരത്തിയ ബംഗളൂരുവിലെ എബോള ഭീതി ഒഴിഞ്ഞു. അടുത്തിടെ ഉഗാണ്ടയിൽ നിന്നും മടങ്ങിയെത്തിയ സ്ത്രീക്ക് എബോള ബാധയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

നേരിയ ശരീരവേദനയെ തുടർന്ന് ഇവരെ നിരീക്ഷണത്തിനായി ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇവരുടെ സാമ്പിളുകൾ പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനക്കായി അയക്കുകയായിരുന്നു. പരിശോധനയിൽ എബോള വൈറസിന്റെ സാന്നിധ്യമില്ലെന്ന് എൻ.ഐ.വി സ്ഥിരീകരിച്ചു. നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രം ജനങ്ങളോട് അഭ്യർത്ഥിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ മാനദണ്ഡങ്ങൾ (SOP) പുറപ്പെടുവിച്ചിട്ടുണ്ട്. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പനി, തൊണ്ടവേദന, തലവേദന, ശാരീരിക അസ്വസ്ഥതകൾ, പേശി വേദന, ഛർദ്ദി, ചർമ്മത്തിൽ തിണർപ്പ്, അല്ലെങ്കിൽ അകാരണമായ രക്തസ്രാവം എന്നിവ ഉണ്ടായാൽ ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാരെയോ എയർപോർട്ട് ഹെൽത്ത് അതോറിറ്റിയെയോ വിവരമറിയിക്കണം.

ഇന്ത്യയിലെത്തി 21 ദിവസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ആശുപത്രികളിൽ ചികിത്സ തേടുകയും അധികൃതരെ വിവരമറിയിക്കുകയും വേണം. കൂടാതെ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ നിന്നോ അല്ലെങ്കിൽ ഈ രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ചെയ്തോ വരുന്ന യാത്രക്കാർക്ക് സ്ക്രീനിങ്ങും ഹെൽത്ത് ഡിക്ലറേഷനും ഡി.ജി.സി.എ നിർബന്ധമാക്കിയിട്ടുണ്ട്.

മെയ് 22ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും വിമാന ജീവനക്കാരും തങ്ങളുടെ പൗരത്വം നോക്കാതെ തന്നെ 'സ്വയം സാക്ഷ്യപത്രങ്ങൾ' പൂരിപ്പിച്ചു നൽകണം. ഇന്ത്യയിൽ എത്തിയ ശേഷം ഇമിഗ്രേഷൻ അല്ലെങ്കിൽ ഹെൽത്ത് കൗണ്ടറുകളിലാണ് ഇവ സമർപ്പിക്കേണ്ടത്. ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങൾക്ക് പുറമെ ഇവയുടെ അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ഉയർന്ന രോഗസാധ്യതയുള്ള പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രോഗബാധിത മേഖലകളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളിൽ എബോള രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അനൗൺസ്മെന്റുകൾ നിർബന്ധമായും നടത്താൻ എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടയിൽ ആർക്കെങ്കിലും അസുഖം തോന്നിയാൽ അത് ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കണം. വിമാനയാത്രക്കിടയിൽ എബോള ലക്ഷണങ്ങൾ സംശയിക്കുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിനായി വിമാനക്കമ്പനികൾക്ക് പ്രത്യേക പ്രോട്ടോക്കോളും വ്യോമയാന മന്ത്രാലയം നൽകിയിട്ടുണ്ട്.

Tags:    
News Summary - Uganda-Return Woman Quarantined In Bengaluru Over Suspected Ebola Infection Tests Negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.