ന്യൂഡൽഹി: ഭർത്താവിനെ സഫ്ദർ ജംഗ് ആശുപത്രിയിൽ പോയി കണ്ടുവെന്നും തന്റെ അനുമതിയില്ലാതെ ഒരു മരുന്നും നൽകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യ ഗീതാഞ്ജലി അറിയിച്ചു. ഭർത്താവിന് വല്ലതും സംഭവിച്ചാൽ എല്ലാവരും ഉത്തരവാദികളായിരിക്കും എന്നും അവർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയും ആരോഗ്യവാനായിരുന്ന സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയ നടപടി അവർ ചോദ്യം ചെയ്തു. ഭരണഘടനയുടെ 32 അനുച്ഛേദപ്രകാരം സമരം നടത്തുന്നത് അവകാശമാണെന്നും തന്റെയും തന്റെ ഡോക്ടറുടെയും അനുവാദമില്ലാതെ ഒന്നും ചെയ്യരുതെന്നും അവർ ആവശ്യപ്പെട്ടു.
വാങ്ചുകിന്റെ പൊട്ടാസ്യം നില 4.3 ൽ നിന്ന് 2.9 ആയി താഴുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും എന്നാൽ മെഡിക്കൽ റിപ്പോർട്ട് തനിക്ക് കാണിച്ചു തരാൻ തയാറായില്ലെന്നും അവർ പറഞ്ഞു. നടപടിയിൽ സുതാര്യതയില്ലാത്തതിനാൽ സ്വതന്ത്രമായി ഭർത്താവിനെ പരിശോധനക്ക് വിധേയമാക്കണമെന്നും അതുവരെ ചികിത്സ ആരംഭിക്കരുതെന്നും അവർ ഓർമിപ്പിച്ചു. ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് മറ്റൊരാശുപത്രിയിലേക്ക് കൊണ്ടുപോകണം എന്നും അവർ വ്യക്തമാക്കി.
എന്നാൽ, അനിവാര്യമായ വൈദ്യ പരിചരണത്തിനാണ് സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു. ഡൽഹി ഹൈകോടതി ഉത്തരവിന് അനുസൃതമായി തങ്ങൾക്ക് ലഭിച്ച വൈദ്യ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് ന്യായീകരിച്ചു. നിർജലീകരണം മൂലം അദ്ദേഹം ക്ഷീണിതനാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പരിശോധനകൾ തുടർന്നും നടത്തിക്കൊണ്ടിരിക്കുമെന്നും ആരോഗ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും ഡൽഹി പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം ഐവി ഫ്ലൂയിഡ് എടുക്കാൻ പോലും സോനം വാങ് ചുക് സമ്മതിക്കുന്നില്ലെന്ന് ശനിയാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ സഫ്ദർ ജംഗ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശരീരത്തിൽ നിന്നും ജലാംശം കുറയുന്നതുമൂലം അദ്ദേഹം ദുർബലനാണെങ്കിലും സ്ഥൈര്യം നിലനിർത്തുന്നുണ്ടന്നും ആശുപത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.