യു.പി തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരു മാസത്തിനകം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി-മാര്‍ച്ചില്‍ നടന്നേക്കും. ഹൈസ്കൂള്‍-ഇന്‍റര്‍മീഡിയറ്റ് പരീക്ഷകള്‍ നടത്താന്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 20 വരെ സമയക്രമം പ്രഖ്യാപിച്ച വിദ്യാഭ്യാസ വകുപ്പിനോട്, പരീക്ഷാ തീയതി പ്രഖ്യാപനം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു. വിശദ ചര്‍ച്ചകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഈമാസം 15ന് ഡല്‍ഹിയില്‍ കമീഷന്‍ അധികൃതരെ കാണുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയവും പരീക്ഷാവേളയും കൂടിക്കലരാതിരിക്കാനുള്ള മുന്നൊരുക്കമാണ് കമീഷന്‍ നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങള്‍ പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് കൂടിയാലോചിക്കണമെന്ന് കമീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. യു.പിക്കു പുറമെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഈ മാസം അവസാനമോ ജനുവരി ആദ്യമോ തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. അഞ്ചു നിയമസഭകളുടെയും കാലാവധി മാര്‍ച്ച് 18നും മേയ് 27നുമിടയിലാണ് അവസാനിക്കുന്നത്.

403 അംഗ യു.പി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍തന്നെ സുപ്രധാനമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയവ ഇതിനകംതന്നെ നടത്തിക്കഴിഞ്ഞിട്ടുണ്ട്. 2002ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഡിസംബര്‍ 24നാണ്. ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് മൂന്നു വരെ ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് ആറിന് ഫലം പ്രഖ്യാപിച്ചു.

Tags:    
News Summary - u p election declare in one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.