മഹേന്ദ്ര സിങ് ധോണി
റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് അമിതവേഗതക്ക് പിഴ ചുമത്തി റാഞ്ചി ട്രാഫിക് പൊലീസ്. റാഞ്ചിയിലെ വസതിക്ക് സമീപം കാറിൽ അമിതവേഗതയിൽ സഞ്ചരിച്ചതിനാണ് ട്രാഫിക് പോലീസ് 1000 രൂപ പിഴ ചുമത്തിയതെന്ന് ഇന്ത്യ ടുഡേ ഉദ്ധരിക്കുന്നു. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം അനുവദനീയമായ വേഗതയേക്കാൾ കൂടുതൽ വേഗത്തിൽ വാഹനം ഓടിച്ചു എന്നതാണ് പൊലീസ് ചുമത്തിയ കുറ്റം.
ഓട്ടോമാറ്റിക് ട്രാഫിക് നിരീക്ഷണ സംവിധാനമാണ് (എ.ഐ കാമറ) വേഗത ലംഘനം കണ്ടെത്തിയത്. തുടർന്ന് താരത്തിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഡിജിറ്റൽ ചലാൻ അയച്ചതായി പൊലീസ് പറഞ്ഞു. അമിതവേഗതക്ക് പുറമെ, റാഞ്ചി ഹർ റോഡിലെ പഴയ താമസസ്ഥലവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ നിന്നും ധോണിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. താമസ ആവശ്യത്തിനുള്ള സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നതാണ് ഇതിലെ ആരോപണം.
ഈ വിവാദങ്ങൾക്കിടയിലും, ധോണി വരാനിരിക്കുന്ന ഐ.പി.എൽ സീസണിനായുള്ള കഠിന പരിശീലനത്തിലാണ്. മാർച്ച് ഒന്നിന് ചെന്നൈ സൂപ്പർ കിങ്‌സിന്റെ (സി.എസ്.കെ) പരിശീലന മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. അവസാന സീസണിലെ 14 മത്സരങ്ങളിൽ നിന്നായി 196 റൺസാണ് ധോണി നേടിയത്. കുറ്റകൃത്യം ചെറുതാണെങ്കിലും, ധോണിയെപ്പോലൊരു വലിയ താരം നിയമലംഘനം നടത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.