ഖാർഗോൺ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ക്രിസ്ത്യൻ പ്രാർഥനാ യോഗം ഹിന്ദുത്വസംഘം തടഞ്ഞു. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഒരുസംഘം അതിക്രമിച്ചുകയറിയത്. ഇതിനുപിന്നാലെ നിർബന്ധിത മതപരിവർത്തനക്കുറ്റം ചുമത്തി രണ്ട് ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഖാർഗോണിലെ ഉൻ ഗ്രാമത്തിലാണ് സംഭവം. ചടങ്ങ് തടസ്സപ്പെടുത്തുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഘാടകരായ മെഹ്‌റം മല്ലോയ്, സത്യം നഗർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം പ്രകാരം ഇവർക്കെതിരെ കേസെടുത്തു. പരിപാടിയിൽ പങ്കെടുക്കുന്നവരെ ക്രിസ്‌ത്യാനികളാക്കി മതപരിവർത്തനം നടത്താൻ ഇരുവരും ശ്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദിവാസി വിഭാഗത്തിൽപെട്ട മെഹ്‌റാം മല്ലോയ് 15 വർഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചയാളാണ്.
ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ ‘സകൽ ഹിന്ദു സമാജി’ന്റെ നേതൃത്വത്തിലാണ് പരിപാടി അലങ്കോലപ്പെടുത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയിരുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാന നിയമം നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.