ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിയിൽ നിന്നുള്ള നിയമസഭാംഗമായ എം.ആർ. പല്ലവി തമിഴ്‌നാട് നിയമസഭ സമ്മേളനത്തിലേക്ക് തന്റെ നവജാതശിശുവിനെയും കൊണ്ടെത്തിയ സംഭവം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഈ നീക്കത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്കെതിരെ ഉറച്ച നിലപാടോടെയാണ് എം.എൽ.എ പ്രതികരിച്ചത്.
സഭാനടപടികൾ തുടരുമ്പോൾ കുഞ്ഞിനെ പരിപാലിക്കാനായി നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഒരു പ്രത്യേക മുറിയിൽ ഒരു പരിചാരികയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എം.എൽ.എ സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന സമയത്ത് കുഞ്ഞ് ഈ മുറിയിലാണ് കഴിയുന്നത്. നിയമസഭാ വളപ്പിൽ വെച്ച് മുഖ്യമന്ത്രി വിജയ് കുഞ്ഞിനെ കാണുകയും ആശീർവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ചില വിഭാഗങ്ങളിൽ നിന്ന് ശ്രദ്ധ പിടിച്ച് പറ്റാനുള്ള അടവുകൾ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നത്.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തികച്ചും അന്യായമെന്നാണ് പല്ലവി വിശേഷിപ്പിച്ചത്. 'ഇതിൽ നാടകം കളിക്കാൻ എന്താണുള്ളത്? വളരെയധികം ചെറിയ കുട്ടിയെ എങ്ങനെയാണ് വീട്ടിലാക്കി വരുന്നത്? പ്രതികരിക്കുന്നതിന് മുൻപ് ദയവായി വസ്തുതകളെക്കുറിച്ച് ആലോചിക്കുക. മറ്റുള്ളവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ കഴിയില്ലെങ്കിലും അവരെ വിമർളിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം,' എന്ന് അവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നിലവിൽ ആഗസ്റ്റ് 5-ന് ആരംഭിച്ച തമിഴ്‌നാട് നിയമസഭാ സമ്മേളനം സെപ്റ്റംബർ 8 വരെ നീണ്ടുനിൽക്കും. സംസ്ഥാന ബജറ്റ്, പ്രധാനപ്പെട്ട നിയമനിർമാണങ്ങൾ, ജനക്ഷേമ പദ്ധതികൾ എന്നിവയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. ഇതിനിടയിലാണ് ജനപ്രതിനിധികളുടെ വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള സന്തുലനത്തെക്കുറിച്ച് പുതിയൊരു സംവാദത്തിന് എം.എൽ.എ പല്ലവിയുടെ ഈ നീക്കം വഴിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.