ട്രെയിനിൽ അടിപിടി; പൊലീസ് കസ്റ്റഡിയിലെടുത്ത വിദേശി മരിച്ചു, ദുരൂഹത

സൂറത്ത്: തീവണ്ടി യാത്രക്കിടെ  അടിപിടിയുണ്ടാവുകയും  യാത്രക്കാർക്കുനേരെ  അഗ്നിശമനോപകരണം എടുത്ത് ഉപയോഗിക്കുകയും ചെയ്തതിന്  പൊലീസ് കസ്റ്റഡിയിലെടുത്ത വിദേശി കുഴഞ്ഞുവീണു മരിച്ചു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിദേശ പൗരൻ, വാക്കുതർക്കത്തിനൊടുവിൽ യാത്രക്കാരുടെ മേൽ ഫയർ എക്സ്റ്റിംഗുഷർ സ്പ്രേ ചെയ്യുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

മണിക്കൂറുകൾക്ക് ശേഷം ഇയാൾ കുഴഞ്ഞുവീണ് മരിച്ചു. ഇത് അദ്ദേഹത്തിന്റെ മരണസാഹചര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിലാണ് സംഭവം നടന്നത്. മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദേശി.

ജനറൽ കോച്ചിൽ വഴക്കുണ്ടാക്കുന്നതറിഞ്ഞ് ആർ.പി.എഫ് ഉദ്യോഗസ്ഥർ കോച്ചിലെത്തി ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അയാൾ കൂടുതൽ ആക്രമണോത്സുകനായി മാറുകയും തുടർന്ന് യാത്രക്കാരുടെ നേരെ ഫയർ എക്സ്റ്റിംഗുഷർ സ്പ്രേ ചെയ്യുകയുമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. പ്രകോപിതരായ ചില യാത്രക്കാർ അയാളെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തീവണ്ടി സൂറത്തിലെത്തിയപ്പോൾ റെയിൽവേ പൊലീസ് ഇയാളെ കീഴ്പെടുത്തി ആർ.പി.എഫ് പോസ്റ്റിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനിടെ ഇയാൾ ബോധരഹിതനായി വീണു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. ഇയാൾക്ക് ഏകദേശം 45 വയസ്സ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് പാസ്‌പോർട്ടോ വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Foreigner dies during railway police questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.