'എന്നാലവർ നെഹ്‌റുവിനും ഗാന്ധിക്കുമെതിരെ കേസെടുക്കട്ടെ'; വന്ദേമാതരം വിവാദത്തിൽ ബിജെപിക്ക് മറുപടിയുമായി ഖാർഗെ

ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയർത്തിയ വിമർശനങ്ങൾക്കും ആരോപനങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്ഭായി പട്ടേലും അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ ആലപിച്ച അതേ രീതിയിലുള്ള വന്ദേമാതരമാണ് താനും ചൊല്ലിയതെന്ന് ഖാർഗെ വ്യക്തമാക്കി.

ദക്ഷിണ ഗോവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഖാർഗെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ഈ രീതിയിൽ വന്ദേമാതരം ആലപിക്കുന്നത് ഒരു കുറ്റമാണെങ്കിൽ മുൻകാലങ്ങളിൽ ഇതേ പതിവ് പിന്തുടർന്ന മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവർക്കെതിരെയും സർക്കാർ കേസെടുക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കോൺഗ്രസിന്റെ ചരിത്രപരമായ തീരുമാനങ്ങളെക്കുറിച്ചോ ദേശീയഗാനങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങളെക്കുറിച്ചോ ബിജെപിക്ക് അറിവില്ലെന്നും ഖാർഗെ പരിഹസിച്ചു.

സ്വാതന്ത്ര്യദിനാഘോഷ വേളയിലും തുടർന്ന് ഗോവയിൽ നടന്ന പാർട്ടി പരിപാടിയിലും വന്ദേമാതരത്തിന്റെ അപൂർണമായ പതിപ്പാണ് ചൊല്ലിയതെന്നും ഇത് ദേശീയ ഗീതത്തോടുള്ള അനാദരവാണെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം, എന്നാൽ കഴിഞ്ഞ 80-ലേറെ വർഷങ്ങളായി കോൺഗ്രസ് പാർട്ടി പിന്തുടരുന്ന പരമ്പരാഗത രീതി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് ഖാർഗെ വ്യക്തമാക്കി. ഭരണാധികാരികൾ മാറുമ്പോഴേക്ക് ചരിത്രവും നിയമങ്ങളും മാറ്റിയെഴുതാൻ കഴിയില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. 

പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് സംഭവം.

ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപ്പിക്കപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതര വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയിലാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായിരിക്കുന്നത്.  

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതി എന്നതായിരുന്നു കോൺഗ്രസിന്റെ ദീർഘകാല നിലപാട്. എന്നാൽ, സേവാദൾ നേതൃത്വത്തിൽ നടന്ന ആലാപനത്തിനിടയിൽ നേതാക്കൾ ഇടപെട്ടിട്ടും ഗാനം പൂർണ്ണമായി പാടുകയായിരുന്നു.

സേവാദളാണ് എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങളുടെ ചുമതല വഹിച്ചിരുന്നത്. പുതിയ സേവാദൾ ദേശീയ അധ്യക്ഷൻ വി.ബി ശ്രീനിവാസ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അജയ് മാക്കൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യസമരകാലം മുതൽ തന്നെ വന്ദേമാതരത്തിലെ ചില വരികൾ ഒഴിവാക്കണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാൽ എഐസിസി ആസ്ഥാനത്ത് ഗാനം മുഴുവനായി ആലപിച്ച സംഭവത്തെ വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. മുഴുവൻ ചൊല്ലിയാൽ പ്രശ്നമില്ലെന്നും ഇത് പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വന്ദേമാതരം പൂർണമായി അല്ലെങ്കിൽ അതിന്റെ നിർദ്ദിഷ്ട രീതികൾ കർശനമായി പാലിക്കപ്പെടണം എന്ന വാദം ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ശക്തമായി ഉന്നയിക്കാറുണ്ട്. കോൺഗ്രസ് കാലത്ത് രാഷ്ട്രീയ പ്രീണനം കാരണമാണ് ഗാനം ചുരുക്കിയതെന്നാണ് പ്രധാന എതിർപക്ഷ ആരോപണം.

Tags:    
News Summary - Kharge responds to BJP over Vande Mataram controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.