അഭിജീത് ദീപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ച കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയുടെ പ്രസ്താവനക്ക് രൂക്ഷമായ മറുപടിയുമായി ദീപ്കെ രംഗത്ത്. ഹിന്ദുസ്താൻ ടൈംസിന്റെ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് ‘ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനല്ലായിരുന്നോ?’ എന്ന് അഭിജീത് ദീപ്കെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ.ഡി.എ) സഖ്യകക്ഷിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ.
ഡോ. ബാബാസാഹബ് അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും സമൂഹത്തെയും ആർ.പി.ഐയെയും ശക്തിപ്പെടുത്തുന്നതിനുമായി അഭിജീത് ദീപ്കെ തന്റെ പാർട്ടിയിൽ ചേരുന്നത് പരിഗണിക്കണമെന്ന് രാംദാസ് അത്താവാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘അഭിജീത് ദീപകെ ഒരു അംബേദ്കറൈറ്റാണെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം സജീവവും ചെറുപ്പവുമാണ്. അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുന്നത് പരിഗണിക്കണം,’ എന്നാണ് അത്താവാലെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെറ്റ് ചെയ്യുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിശ്വസിക്കുന്ന സർക്കാറാണ് തങ്ങളുടേതെന്നും, അതിനാൽ ദീപ്കെ ഭരണകക്ഷിയോട് ചേരണമെന്നും അത്താവാലെ കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായാണ് ദീപ്കെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചത്. നേരത്തെതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് രാജ്യത്തിന് ഇപ്പോൾ ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഒരു ജനകീയ മുന്നേറ്റമാണെന്നും ദീപ്കെ മുൻപ് പറഞ്ഞിട്ടുണ്ട്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതിയിലും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ദീപ്കെയുടെ നിലപാട്.
പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാർഥികളുടെ ആത്മഹത്യ, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ മാസം ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ജൂലൈ 25-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ പദവിയിൽ നിന്ന് രാജി വെച്ചിരുന്നു. തുടർന്ന് പ്രൾഹാദ് ജോഷിയാണ് ആ സ്ഥാനത്തേക്ക് ചുമതലയേറ്റത്. അന്ന് തന്റെ രാജിക്ക് പിന്നിൽ ‘ദേശവിരുദ്ധ ശക്തികളാണെന്ന്’ ധർമേന്ദ്ര പ്രധാൻ ആരോപിച്ചിരുന്നു. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്ന യുവതലമുറയെ 'ദേശവിരുദ്ധർ' എന്ന് മുദ്രകുത്തരുത് എന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ പിന്തുണച്ച ദീപ്കെ, ബി.ജെ.പി നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ സന്ദേശം കൈമാറാൻ മോഹൻ ഭാഗവതിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.