പുലർച്ചെ നാല് മണിക്ക് മന്ത്രിമാരെ വിളിക്കും, ദിവസവും 20 മണിക്കൂർ വരെ ജോലി ചെയ്യും; വിജയ് ഒരു രാഷ്ട്രീയ സന്യാസിയെന്ന് മന്ത്രി അർജുന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രവർത്തനശൈലിയെ പ്രശംസിച്ച് ടി.വി.കെ മന്ത്രി ആദവ് അർജുന. ദിവസത്തിൽ 18 മുതൽ 20 മണിക്കൂർ വരെ മുഖ്യമന്ത്രി ജോലി ചെയ്യുന്നുണ്ടെന്നും, ഭരണകാര്യങ്ങൾ ചർച്ച ചെയ്യാൻ പുലർച്ചെ നാല് മണിക്ക് പോലും അദ്ദേഹം മന്ത്രിമാരെ ഫോണിൽ വിളിക്കാറുണ്ടെന്നും അർജുന വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വിജയം കരസ്ഥമാക്കി വിജയ് അധികാരത്തിലേറിയിട്ട് 100 ദിവസം പൂർത്തിയായിരിക്കുകയാണ്.

ഇന്ത്യ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ സംസാരിക്കവെയാണ് വിജയിയുടെ അടുത്ത അനുയായിയായ ആധവ് അർജുന വിജയിയെ രാഷ്ട്രീയ സന്യാസി എന്ന് വിശേഷിപ്പിച്ചത്. ഭരണകാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്ന വിജയ് ഓരോ വകുപ്പിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ പുലർത്തുന്നുണ്ടെന്ന് അർജുന പറഞ്ഞു.

അധികാരമേറ്റെടുത്ത ശേഷം ദിവസവും സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് വിജയ് ഭരണകാര്യങ്ങൾ വിലയിരുത്തുന്നത്. തന്റെ വകുപ്പുകളിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാൻ പുലർച്ചെ നാല് മണിക്ക് പോലും അദ്ദേഹം മന്ത്രിമാരെ വിളിച്ച് വിവരങ്ങൾ ചോദിക്കാറുണ്ട്.

അഴിമതി തടയുന്നതിനും ഭരണനിർവ്വഹണം കൂടുതൽ സുതാര്യമാക്കുന്നതിനും പ്രഥമ പരിഗണനയാണ് മുഖ്യമന്ത്രി നൽകുന്നത്. കഴിഞ്ഞ 100 ദിവസത്തെ ഭരണത്തിനിടെ സാമ്പത്തിക ചോർച്ചകൾ തടയാൻ അദ്ദേഹം ശക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന സമയത്ത് മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണെന്നും അവ എങ്ങനെ പരിഹരിക്കാമെന്നുമാണ് വിജയ് എപ്പോഴും ചിന്തിക്കുന്നതെന്ന് ആദവ് അർജുന കൂട്ടിച്ചേർത്തു.

അതേസമയം, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥതലത്തിൽ ഇപ്പോഴും അഴിമതി നിലനിൽക്കുന്നുണ്ടെന്നും ഇത് പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നമാണെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ, മുകളിൽ നിന്നുള്ള കർശനമായ നിയന്ത്രണങ്ങളിലൂടെ ഈ സ്ഥിതിയിൽ മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അർജുന പറഞ്ഞു.

Tags:    
News Summary - Minister Vijay, political ascetic, Minister Arjuna,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.