ലണ്ടൻ: ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ബഹുധ്രുവത്വത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് അനുകൂലമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ.
ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി വ്യാപാര കരാറിന് ധാരണയായിട്ടുണ്ടെന്നും ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ ‘ഇന്ത്യയുടെ ഉയർച്ചയും ലോകത്തിലെ പങ്കും’ വിഷയത്തിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞു. റഷ്യ -യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട്, ബ്രിക്സ് രാജ്യങ്ങളുടെ പ്രവർത്തനം, ചൈനയുമായുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായി.
‘യുക്രെയ്നുമായും റഷ്യയുമായും ആശയവിനിമയം നടത്തുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന ഇടങ്ങളിൽ എല്ലായ്പ്പോഴും തുറന്ന മനസ്സോടെയാണ് രാജ്യം പ്രവർത്തിച്ചിട്ടുള്ളത്.
നേരിട്ടുള്ള ആശയവിനിമയം നടക്കണമെന്നാണ് ഇന്ത്യയുടെ സ്ഥിരം നിലപാട്. ഇന്ത്യ -ചൈന ബന്ധത്തിൽ 2024 ഒക്ടോബറിൽ തിബറ്റിലെ കൈലാസ പർവത യാത്രാമാർഗം തുറന്നത് ഉൾപ്പെടെ ചില പോസിറ്റിവ് മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ താൽപര്യങ്ങൾ ബഹുമാനിക്കപ്പെടുന്ന ബന്ധമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ -യു.കെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചോദ്യത്തിന്, തനിക്ക് ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ടെന്നും സങ്കീർണമായ പ്രക്രിയയായതിനാൽ സ്വാഭാവികമായും സമയമെടുക്കുമെന്നുമായിരുന്നു മന്ത്രി ജയ്ശങ്കറിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.