ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു.എസ് ‘എയ്ഡി’ന്റെ 21 ദശലക്ഷം ഡോളർ (182 കോടി രൂപ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആക്രമണമുന തിരിച്ചുവെച്ച ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതിരോധത്തിലായി.
വിവാദം കത്തിച്ചുനിർത്തിയ ബി.ജെ.പി ട്രംപിന്റെ പുതിയ പ്രസ്താവനയോടെ മൗനം പാലിച്ചു. എന്നാൽ, ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കിയ കോൺഗ്രസ് സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
'21 ദശലക്ഷം ഡോളർ എന്റെ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കാണ് നൽകിയത്. 21 ദശലക്ഷം വോട്ടിങ് കൂട്ടാനാണ് നൽകിയത് - ഡോണൾഡ് ട്രംപ്'
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താനുള്ള പദ്ധതിക്ക് അമേരിക്കൻ ഫണ്ടിങ് ഏജൻസിയായ ‘യു.എസ് എയ്ഡ്’ 21 മില്യൺ ഡോളർ നൽകിയെന്ന് തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നാംതവണ അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് പണം നൽകിയത് മോദിക്കാണെന്ന് പറഞ്ഞത്.
തന്റെ സുഹൃത്ത് ട്രംപിനെ വിളിച്ച് അമേരിക്ക 21 ദശലക്ഷം ഡോളർ തനിക്ക് നൽകിയെന്ന ആരോപണം നിഷേധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് വക്താവ് പവൻ ഖേര വെല്ലുവിളിച്ചു.
2001 മുതൽ 2024 വരെ യു.എസ് എയ്ഡ് ഇന്ത്യയിൽ ചെലവിട്ട 290 കോടി ഡോളറിന്റെ 44 ശതമാനവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്താണ്.
ഇതിൽ 650 ദശലക്ഷം ഡോളർ കഴിഞ്ഞ നാലുവർഷം മോദി സർക്കാർ എന്തിനുവേണ്ടി ചെലവിട്ടുവെന്ന് വ്യക്തമാക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. ‘ജനാധിപത്യ പങ്കാളിത്തത്തിനും സിവിൽ സമൂഹത്തിനും’ എന്ന പേരിൽ 3.65 ലക്ഷം യു.എസ് ഡോളർ നൽകിയ 2012ലാണ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.