ത്രിപുരയിൽ വോട്ടെണ്ണല്‍ ദിവസം ഉച്ചക്ക് 12 ന് മുന്‍പുതന്നെ ബി.ജെ.പി ഭൂരിപക്ഷം നേടും -അമിത് ഷാ

ത്രിപുരയിൽ ബി.ജെ.പി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടണ്ണല്‍ ദിവസം ഉച്ചക്ക് 12ന് മുന്‍പുതന്നെ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്നും ത്രിപുരയിൽ തൂക്കുമന്ത്രിസഭ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

നാളെയാണ് (ഫെബ്രുവരി 16) ത്രിപുരയിലെ അറുപതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബി.ജെ.പി 55 സീറ്റുകളിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ശേഷിക്കുന്ന അഞ്ച് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസും സിപിഎമ്മും സംസ്ഥാനത്ത് ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയിരുന്നു. ഇത് ബി.ജെ.പിയെ ഒറ്റയ്ക്ക് തോൽപിക്കാൻ ആകാത്തതിനാലാണ് എന്നും അമിത് ഷാ പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുക എന്ന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബി.ജെ.പി ത്രിപുരയിൽ ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് തങ്ങൾ മുന്നോട്ടു വെച്ച ‘ചലോ പല്‍ടായ്’ മുദ്രാവാക്യം അധികാരത്തിൽ വരാനായിരുന്നില്ല. മറിച്ച് ത്രിപുരയിലെ സാഹചര്യങ്ങള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവെച്ചതായിരുന്നു. തങ്ങള്‍ അത് പ്രാവർത്തികമാക്കിയതായും അമിത് ഷാ പറഞ്ഞു. 1978 മുതൽ മുപ്പത്തിയഞ്ചു വർഷം ത്രിപുര ഭരിച്ച ഇടതുമുന്നണിയെ പുറത്താക്കി 2018ൽ ബി.ജെ.പി സംസ്ഥാനത്ത് റെക്കോർഡ് സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ത്രിപുരയിൽ ഞങ്ങളുടെ സീറ്റുകളും വോട്ട് വിഹിതവും വർധിപ്പിക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഒറ്റയ്ക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അവർ തന്നെ അംഗീകരിച്ചു. സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും’-അമിത് ഷാ പറഞ്ഞു.

ത്രിപുരയിൽ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും മയക്കുമരുന്ന് ഭീഷണി നേരിടുന്നതിനും സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായും അമിത് ഷാ പറഞ്ഞു. ഇത് ജനങ്ങൾക്കിടയിൽ വലിയൊരു സന്ദേശം നൽകിയിട്ടുണ്ടെന്നും തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.

‘നേരത്തെ ത്രിപുരയിൽ ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോൾ സർക്കാർ ജീവനക്കാർക്ക് ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരം വേതനം നൽകിയിരുന്നു. എന്നാൽ ഞങ്ങൾ ധനക്കമ്മി വർദ്ധിപ്പിക്കാതെ തന്നെ സംസ്ഥാനത്ത് ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കി. ത്രിപുരയിൽ ഞങ്ങൾ അക്രമം ഇല്ലാതാക്കുകയും അതിർത്തി കടന്നുള്ള മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കർശന നടപടിയെടുക്കുകയും ചെയ്തു’-അമിത് ഷാ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മേയിൽ ബിപ്ലബ് ദേബിനെ മാറ്റി പകരം മണിക് സാഹയെ ത്രിപുര മുഖ്യമന്ത്രിയാക്കിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പി കേന്ദ്ര നേതൃത്വമാണോ സംസ്ഥാന ഘടകത്തെ നിയന്ത്രിക്കുന്നത് എന്ന ചോദ്യത്തോട് ബിപ്ലബ് ദേബ് ഒരു എം.പിയാണെന്നും കേന്ദ്ര തലത്തിൽ അ​ദ്ദേഹം ചില സുപ്രധാന സംഘടനാ ചുമതലകൾ വഹിക്കുന്നുണ്ടെന്നും ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - Tripura Assembly Election 2023: 'BJP Will Cross Majority Mark Before 12 PM on Counting Day'-Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.