'സ്ത്രീകളെ ജോലിക്ക് എടുക്കാതെ വരും'; ആർത്തവ അവധി നിർബന്ധമാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ആർത്തവ അവധി നിയമപരമായ ബാധ്യതയാക്കി മാറ്റുന്നത് സ്ത്രീകളുടെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഇത്തരമൊരു നിയമം വന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്ക് എടുക്കാൻ വിമുഖത കാണിക്കുമെന്നും അത് അവരുടെ കരിയറിനെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ആർത്തവ അവധി നിയമം മൂലം നിർബന്ധമാക്കിയാൽ, 'സ്ത്രീകളെ ജോലിക്ക് എടുക്കേണ്ട' എന്ന മനോഭാവം തൊഴിലുടമകൾക്കിടയിൽ ഉണ്ടായേക്കാം. ഇത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറക്കാൻ ഇടയാക്കും. കൂടാതെ സമൂഹത്തിൽ മാനസികമായ വേർതിരിവ് സൃഷ്ടിക്കും. സ്ത്രീകൾ പുരുഷന്മാരേക്കാൾ 'താഴ്ന്നവരാണെന്നോ' അല്ലെങ്കിൽ ശാരീരികമായി പിന്നിലാണെന്നോ ഉള്ള തെറ്റായ ധാരണ സമൂഹത്തിൽ വളരാൻ ഇത്തരം നിയമങ്ങൾ കാരണമായേക്കാം.

സ്വകാര്യ കമ്പനികളും കേരള സർക്കാറും നിലവിൽ നൽകുന്ന ആർത്തവ അവധി സ്വാമേധയാ ഉള്ള തീരുമാനങ്ങളാണ്. എന്നാൽ ഇത് നിയമപരമായ ബാധ്യതയാക്കുമ്പോൾ അത് വിപരീത ഫലമാകും നൽകുക എന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച കാര്യം ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് ചൂണ്ടിക്കാട്ടിയെങ്കിലും, സർക്കാർ ജോലികളിലും ജുഡീഷ്യറിയിലും പോലും ഇത് സ്ത്രീകളുടെ അവസരം നഷ്ടപ്പെടുത്തിയേക്കാമെന്ന് കോടതി ആവർത്തിച്ചു.

അതേസമയം, ആർത്തവ ശുചിത്വം എന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ജനുവരിയിൽ കോടതി നിരീക്ഷിച്ചിരുന്നു. സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിനുകളും പ്രത്യേക ശൗചാലയങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കോടതി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - 'Nobody Will Hire Women': Supreme Court Turns Down Plea On Menstrual Leaves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.