തൃണമൂൽ കോൺഗ്രസ് വിമതർ ലോക്സഭാ സ്പീക്കർ ഓം ബിർളക്കൊപ്പം
ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പാർട്ടിയിലെ വിമത വിഭാഗം ഇന്ന് തെരഞ്ഞെടുപ്പ് കമീഷനെ കാണും. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നം, പാർട്ടി ഫണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ അവകാശവാദം ഉന്നയിക്കുന്നതിനാണ് കൂടിക്കാഴ്ച.
ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിലെ 10 അംഗ പ്രതിനിധി സംഘമാണ് ന്യൂഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷന്റെ ഫുൾ ബെഞ്ചിനെ കാണുക. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്നും നിയമസഭയിലും പാർട്ടി സംഘടനയിലും ഭൂരിപക്ഷ പിന്തുണ തങ്ങൾക്കുണ്ടെന്നുമാണ് വിമതരുടെ വാദം. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചിട്ടുണ്ടെന്നും വിമത നേതാക്കൾ അവകാശപ്പെട്ടു.
വിമത വിഭാഗം നേരത്തെ മമത ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായി പ്രഖ്യാപിക്കുകയും അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ പുതിയ ദേശീയ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്ന നേതാവ് അരൂപ് റോയിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വിമത വിഭാഗം തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തങ്ങളുടെ ദേശീയ ഭാരവാഹിപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, മമത ബാനർജി വിഭാഗം വിമതരുടെ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. വിമത നേതാക്കൾ പാർട്ടിയുടെ പേരും ചിഹ്നവും ഔദ്യോഗിക പദവികളും അനധികൃതമായി ഉപയോഗിച്ച് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് എം.പി ഡോളാ സെൻ കൊൽക്കത്തയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിട്ടുണ്ട്. വ്യാജരേഖ, ആൾമാറാട്ടം, പാർട്ടി ചിഹ്നങ്ങളുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഏത് വിഭാഗത്തിനാണ് സംഘടനയിലും നിയമസഭാ കക്ഷിയിലും ഭൂരിപക്ഷ പിന്തുണയുള്ളതെന്ന് പരിശോധിച്ച ശേഷമാണ് കമീഷൻ ചിഹ്നത്തിന്റെയും പാർട്ടി പേരിന്റെയും അവകാശം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ആവശ്യമായാൽ ചിഹ്നം താൽക്കാലികമായി മരവിപ്പിക്കുകയോ പുതിയ ചിഹ്നങ്ങൾ അനുവദിക്കുകയോ ചെയ്യാനും കമീഷന് അധികാരമുണ്ട്.
വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവിഭാഗങ്ങളിൽ നിന്നും കൂടുതൽ രേഖകളും തെളിവുകളും തേടാൻ സാധ്യതയുള്ളതായാണ് വിവരം. കമീഷന്റെ അന്തിമ തീരുമാനം പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.