ഷിപ്പിങ് കണ്ടെയ്നറിൽ നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോ ഹെറോയിൻ കണ്ടെടുത്തു

ഗാന്ധിനഗർ: ഗുജറാത്തിലെ അംറേലി ജില്ലയിൽ 450 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (എ.ടി.എസ്) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിപാവാവ് തുറമുഖത്തെത്തിയ ഷിപ്പിങ് കണ്ടെയ്നറിൽ നിന്ന് 90 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തത്.

തിരിച്ചറിയാതിരിക്കാൻ ഹെറോയിൻ അടങ്ങിയ ലായനിയിൽ നൂലുകൾ മുക്കി അവ ഉണക്കിയതിന് ശേഷം ഭാണ്ഡങ്ങളാക്കി കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആശിഷ് ഭാട്ടിയ പറഞ്ഞു. നൂലുകളടങ്ങിയ വലിയ ബാഗുകളുള്ള കണ്ടെയ്‌നർ അഞ്ച് മാസം മുമ്പാണ് ഇറാനിൽ നിന്ന് പിപാവാവ് തുറമുഖത്തെത്തിയത്. ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയപ്പോളാണ് നൂലിൽ 450 കോടി രൂപ വിലമതിക്കുന്ന 90 കിലോ ഹെറോയിൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്നും ഭാട്ടിയ ഗാന്ധിനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 3,300 കിലോ ഹെറോയിൻ, 320 കിലോ കൊക്കെയ്ൻ, 230 കിലോ ഹാഷിഷ് എന്നിവയും 170 കിലോ സ്യൂഡോഫെഡ്രിനും 67 കിലോ മെതാംഫെറ്റാമൈനും പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കൂടാതെ 2022 ഏപ്രിലിൽ കണ്ടല തുറമുഖത്ത് 205 കിലോ ഹെറോയിനും ഡി.ആർ.ഐ പിടികൂടിയിരുന്നു.

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിന്ന് യാബ, ഹെറോയിൻ, ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഹാഷിഷ് തുടങ്ങിയ മയക്കുമരുന്ന് കരമാർഗത്തിലൂടെ ഇന്ത്യയിലേക്ക് എത്തിക്കാൻ സിൻഡിക്കേറ്റുകൾ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Thread laced with heroin worth Rs 450 crore recovered from Pipavav port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.