‘പോകുന്നവർക്ക് പോകാം, താൽപര്യമുള്ളവർക്ക് തന്നോടൊപ്പം നിൽക്കാം’! പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കണമെന്നും പ്രവർത്തകരോട് മമത

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രവർത്തകരോട് സഹായം തേടി പാർട്ടി അധ്യക്ഷ മമത ബാനർജി. പോകുന്നവർക്ക് പോകാമെന്നും അല്ലാത്തവർക്ക് തന്നോടൊപ്പം നിൽക്കാമെന്നും കൊൽക്കത്തയിലെ കാളീഘട്ടിൽ നടന്ന പാർട്ടി എം.എൽ.മാരുടെ യോഗത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ മമത വ്യക്തമാക്കി.

‘തൃണമൂൽ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റ് പാർട്ടികളിലേക്ക് പോകുന്നവർ പൊക്കോട്ടെ. ഞാൻ പാർട്ടി പുതുതായി കെട്ടിപ്പടുക്കും. തകർന്ന പാർട്ടി ഓഫിസുകൾ പുനർനിർമിക്കാനും ആവശ്യമെങ്കിൽ പെയിന്‍റടിക്കണമെന്നുമാണ് കൂടെ നിൽക്കുന്നവരോട് അഭ്യർഥിക്കാനുള്ളത്. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തലകുനിക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുന്നു’ -മമത പറഞ്ഞു. 293 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 80 സീറ്റുകൾ മാത്രമാണ് ടി.എം.സിക്ക് ജയിക്കാനായത്. ഭവാനിപൂർ മണ്ഡലത്തിൽ മത്സരിച്ച മമത ബാനർജി നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി സുവേന്ദു അധികാരിയോട് തോൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് മമത അടിയന്തര യോഗം വിളിച്ചത്.

നിരവധി പേർ പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. പലരും മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന് എനിക്കറിയാം. അവർക്ക് അവരുടേതായ സാഹചര്യങ്ങളും ന്യായീകരണവും ഉണ്ടായേക്കാം. എനിക്ക് അതിൽ ഒന്നും പറയാനില്ലെന്നും പോകാൻ ആഗ്രഹിക്കുന്ന ആർക്കും പോകാമെന്നും ആരെയും നിർബന്ധിച്ച് കൂടെ നിർത്തുന്നതിൽ വിശ്വസിക്കുന്നില്ലെന്നും നേരത്ത തന്നെ മമത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കൊൽക്കത്ത ഹൈകോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമത ബാനർജിക്കെതിരെ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയും മകൻ സിർസന്യ ബന്ദോപാധ്യായയും മമതക്കൊപ്പമുണ്ടായിരുന്നു. ഇരുവരും അഭിഭാഷകരാണ്. ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി. സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സംഭവം. ടി.എം.സി നേതാവ് കൂടിയായ സിർസന്യ ബന്ദോപാധ്യായയാണ് ഹർജി സമർപ്പിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ കേസിൽ വാദിക്കാൻ വേണ്ടിയാണ് അവർ എത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമബംഗാളിൽ വോട്ടെടുപ്പിന് ശേഷം വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതേ തുടർന്നാണ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - "Those Who Want To Leave Can Go": Mamata Banerjee After Trinamool Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.