മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിനെതിരെ ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധം
കൊച്ചി: കേന്ദ്ര സർക്കാറിന്റെ പുതിയ ഗ്രാമീണ തൊഴിൽ പദ്ധതിയായ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വി.ബി- ജി റാം ജി) പ്രകാരം കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിലും ആശങ്ക. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്രം പുറത്തിറക്കിയ കരട് ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ആശങ്കക്ക് കാരണം. അതിന്മേൽ ഭേദഗതി നിർദേശിക്കാനുള്ള സമയം 21ന് കഴിഞ്ഞു. കേരളം എന്ത് ഭേദഗതി നിർദേശിച്ചുവെന്ന് വ്യക്തമല്ല.
നികുതിപ്പണം സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകുന്നതിന് 16ാം ധനകാര്യ കമീഷൻ നിർദേശിച്ച മാനദണ്ഡമനുസരിച്ചാണ് വി.ബി- ജി റാം ജി പദ്ധതിയിൽ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് തീരുമാനിക്കുന്നതെന്ന് കരട് വ്യവസ്ഥകളിൽ പറയുന്നു.
2011ലെ സെൻസസ് ജനസംഖ്യ, വനങ്ങൾ, സംസ്ഥാനത്തിന്റെ ഭൂ വിസ്തീർണം, പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനം എന്നിവയുൾപ്പെടെ വ്യത്യസ്ത അളവുകോലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിഹിത വിഭജന ഫോർമുല. ഭൂവിസ്തൃതിയിലും ജി.എസ്.ഡി.പി വളർച്ചയിലും പിന്നാക്കമായവക്ക് മുൻഗണന ലഭിക്കുമ്പോൾ കേരളം പോലുള്ള ഭൂ വിസ്തൃതി കുറഞ്ഞതും ജനസംഖ്യ കുറഞ്ഞതും ജി.എസ്.ഡി.പി വളർച്ചയിൽ അധികം പിന്നാക്കവുമല്ലാത്ത സംസ്ഥാനങ്ങളുടെ വിഹിതം കുറയുമെന്ന ആശങ്കയാണ് ഉയരുന്നത്. പരമാവധി വെയ്റ്റേജ് നൽകുന്നത് ജി.എസ്.ഡി.പി വളർച്ച (42.5%) ക്കാണ്. ഇതനുസരിച്ച് ദരിദ്ര സംസ്ഥാനങ്ങൾക്ക് ഫലപ്രദമായി മുൻഗണന ലഭിക്കും. അടുത്ത ഏറ്റവും ഉയർന്ന വെയ്റ്റേജ് ജനസംഖ്യക്കാണ് (17.5%).
അതിനൊപ്പം അടുത്ത വർഷം മുതൽ, സംസ്ഥാനങ്ങൾ പദ്ധതി എത്രത്തോളം നന്നായി നടപ്പിലാക്കി എന്നതും ഫണ്ട് വിഹിതം തീരുമാനിക്കുന്നതിന്റെ മാനദണ്ഡമാകും. ഇതിൽ വേതനം യഥാസമയം വിതരണം ചെയ്യൽ, സോഷ്യൽ ഓഡിറ്റ് പാലിക്കൽ, പ്രവൃത്തികൾ പൂർത്തിയാക്കിയതിന്റെ ശതമാനം, കേന്ദ്രത്തിന് താൽപര്യമുള്ള ബന്ധപ്പെട്ട മറ്റ് സൂചകങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കി മാനദണ്ഡ വിഹിതത്തിന്റെ എത്ര തുക നൽകുമെന്ന് കരട് ചട്ടങ്ങളിൽ പരാമർശിച്ചിട്ടില്ല. എം.ജി.എൻ.ആർ.ഇ.ജി.എ പ്രകാരം നടന്നുകൊണ്ടിരിക്കുന്ന ജോലികൾ തുടരുന്നതിനും തീർപ്പാക്കാത്ത ബാധ്യതകൾ പരിഹരിക്കുന്നതിനും രേഖകൾ കൈമാറുന്നതിനും പരിവർത്തന കാലയളവിൽ തൊഴിലാളി അവകാശങ്ങൾ തുടരുന്നതിനും കരട് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള ഇ-കെവൈസി പരിശോധിച്ചുറപ്പിച്ച എം.ജി.എൻ.ആർ.ഇ.ജി.എ ജോബ് കാർഡുകൾ പുതിയ ഗ്രാമീൺ റോസ്ഗാർ ഗാരന്റി കാർഡുകൾ നൽകുന്നതുവരെ താൽക്കാലികമായി സാധുതയുള്ളതായിരിക്കുമെന്ന് കരട് ചട്ടങ്ങൾ സൂചിപ്പിക്കുന്നു.
വി.ബി - ജി റാം ജി പദ്ധതിയിൽ തൊഴിലാളികളുടെ വേതനം തടയുന്നതിനും വ്യവസ്ഥകളിൽ ദുരുപയോഗത്തിനുമുള്ള സാധ്യതകൾ നിരവധിയാണ്. പദ്ധതി നിർവഹണം സംബന്ധിക്കുന്ന പരാതികളിൽ പ്രാഥമികമായി വീഴ്ച കണ്ടെത്തിയാൽ പോലും ഫണ്ട് തടയാമെന്നാണ് പുതിയ വ്യവസ്ഥ.
പ്രാഥമിക വീഴ്ച എന്നത് നിർവചിച്ചിട്ടില്ലാത്തതിനാൽ വ്യവസ്ഥ എങ്ങനെ ഉപയോഗിക്കുമെന്നതും ആശങ്കയാണ്. കേരളത്തിലെ തൊഴിലാളികളിൽ 28.47 ശതമാനവും ദേശീയ തലത്തിൽ 12.1 ശതമാനവും 61നും 80നും ഇടയിൽ പ്രായമുള്ളവരാണ്. കഠിന ശാരീരിക അധ്വാനം വേണ്ട ജോലികൾക്കാണ് പുതിയ നിയമം ഊന്നൽ നൽകുന്നത്. ഇത് പ്രായമായ തൊഴിലാളികളെയും സ്ത്രീകളെയും പദ്ധതിയിൽനിന്ന് പുറത്താക്കാനുള്ള പരോക്ഷ നീക്കമാണെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.