ന്യൂഡൽഹി: ജയിലിലടച്ച മന്ത്രിമാരെ പുറത്താക്കാൻ ഉദ്ദേശിച്ചുള്ള വിവാദപരമായ 130-ാം ഭരണഘടനാ ഭേദഗതി പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അതിന്‍റെ റിപ്പോർട്ട് ജൂലൈ 17ന് അംഗീകരിച്ചേക്കും. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി തുടർച്ചയായ 30 ദിവസം കസ്റ്റഡിയിൽ തുടർന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവർ സ്വാഭാവികമായും അധികാരത്തിൽ നിന്ന് പുറത്താകുമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. അത് നിലനിർത്തുമ്പോൾ തന്നെ രാഷ്‍ട്രീയ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ജാഗ്രത വേണമെന്ന കുറിപ്പ് റിപ്പോർട്ടിൽ ഉണ്ടാകാനാണ് സാധ്യത.
ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ബിൽ പരിഗണിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവതരിപ്പിച്ചത്. അത് പരിശോധിക്കാൻ അപരാജിത സാരംഗിയുടെ നേതൃത്വത്തിൽ 31 പേരടങ്ങുന്ന ജെ.പി.സി രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിലെ മിക്ക കക്ഷികളും പാർലമെന്‍ററി സമിതിയിൽ ചേരാതെ വിട്ടുനിന്നു. തങ്ങളുയർത്തുന്ന ആശങ്കകൾ പരിഗണിക്കില്ലെന്നും അതുകൊണ്ട് സമിതിയിൽ ചേരുന്നതിൽ കാര്യമില്ലെന്നുമാണ് അവർ നിലപാടെടുത്തത്.
ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണ് ഭേദഗതിയിലെ വ്യവസ്ഥകളെന്ന പ്രതിപക്ഷ വാദം സമിതിയിലെ ഭരണകക്ഷി അംഗങ്ങൾ നിരാകരിച്ചിരുന്നു. സ്വാഭാവിക നീതിയുടെ ലംഘനം ഇതിലില്ലെന്നും, 30 ദിവസത്തെ കാലയളവ് മൂന്നുതവണയെങ്കിലും ജാമ്യം തേടാൻ മതിയായ സമയമാണെന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.