മഹുവയെക്കുറിച്ച് എത്ര കുറച്ച് പറയുന്നോ അത്രയും നല്ലത്, അവരുടേത് നാടകം- ഋതബ്രത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രക്ക് നേരെ നടന്ന ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി. മഹുവാ മൊയ്ത്രയുടെ ആരോപണങ്ങൾ തള്ളിയ അദ്ദേഹം, അവർ ‘നാടകം’ കളിക്കുകയാണെന്നും ആരോപിച്ചു. ‘മഹുവയെക്കുറിച്ച് എത്ര കുറച്ച് പറയുന്നോ അത്രയും നല്ലത്. അവർ എന്തിനാണ് പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ടതെന്ന് എല്ലാവർക്കും അറിയാം’- എന്നായിരുന്നു എ.എൻ.ഐയോട് ബാനർജിയുടെ പ്രതികരണം.

അതേസമയം, സംഭവത്തെ ശക്തമായി അപലപിച്ച് സസ്പെൻഷനിലായ തൃണമൂൽ വക്താവ് റിജു ദത്ത രംഗത്തെത്തി. പരിഷ്കൃതമായ ഒരു സമൂഹത്തിൽ ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും, പൊലീസും കേന്ദ്രസേനയും നോക്കിനിൽക്കെ ഒരു വനിതാ എം.പിക്ക് നേരെ ഇത്തരത്തിൽ അക്രമം നടക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തൃണമൂൽ നേതാക്കൾക്ക് നേരെ ഇത്തരത്തിൽ മുട്ടയേറ് നടക്കുന്നത് തുടർച്ചയാവുകയാണെന്നും റിജു ദത്ത ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്കെതിരെ ബി.ജെ.പി പ്രവർത്തകർ വ്യാപകമായി മുട്ടയേറ് നടത്തി അക്രമം അഴിച്ചുവിട്ടെന്നും പൊലീസ് അതിനായി ഒത്താശ ചെയ്തെന്നും എം.പി മഹുവ മൊയ്‌ത്ര പറഞ്ഞു. സംഭവത്തിന്റെ വിഡിയോ എക്സിൽ പങ്കുവെച്ചാണ് മഹുവ ഇക്കാര്യം പറഞ്ഞത്. പശ്ചിമ ബംഗാളിലെ സ്വന്തം മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുമായി സ്വകാര്യ ഓഫിസിൽ യോഗം ചേരുന്നതിനിടെയാണ് ജനക്കൂട്ടം ഓഫിസിനു നേരെ മുട്ടയും കല്ലും എറിഞ്ഞത്. മഹുവ സംസാരിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ജനലുകൾക്ക് നേരെ ഒരു കൂട്ടം ആളുകൾ മുട്ടയെറിയുന്നതും ആർപ്പുവിളിക്കുന്നതും പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ യാതൊരു ശ്രമവും നടത്തിയില്ലെന്ന് പശ്ചിമ ബംഗാൾ ഡി.ജി.പി സിദ്ധ നാഥ് ഗുപ്തയ്ക്ക് അയച്ച വിഡിയോ സന്ദേശത്തിൽ എം.പി ആരോപിച്ചു. ഡി.ജി.പിയെ നേരിട്ട് വിളിച്ച് ലൊക്കേഷൻ കൈമാറിയിട്ടും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ക്രമസമാധാനം പാലിക്കാനും ജനക്കൂട്ടത്തെ അടിയന്തരമായി പിരിച്ചുവിടാനും ഡി.ജി.പി ഇടപെടണമെന്നും മഹുവ ആവശ്യപ്പെട്ടു.

ബംഗാളിൽ സമീപകാലത്തായി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ വ്യാപകമായ അക്രമണങ്ങൾ നടന്നിരുന്നു. മേയ് 30ന് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ സോനാർപൂരിൽ വെച്ച് കല്ലേർ നടന്നിരുന്നു. തെരഞ്ഞെടുപ്പാനന്തര അക്രമബാധിതരെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അഭിഷേകിന് നേരെ ആക്രമണം നടന്നത്. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അഭിഷേകിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Ritabrata Banerjee on Mahua Moitra: 'The less said about her, the better; it's drama'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.