ബി.കെ. ഹരിപ്രസാദ്, റാം മാധവ്

‘ആർ.എസ്.എസിന് പാകിസ്താനുമായി രഹസ്യക്കൂട്ടുണ്ടോ?’ -റാം മാധവിന്റെ കൂടിക്കാഴ്ചയെ വിമർശിച്ച് കോൺഗ്രസ്

ബംഗളൂരു: ആർ.എസ്.എസ് നേതാവ് റാം മാധവ് പാകിസ്താൻ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയെന്ന് കോൺഗ്രസ്. റാം മാധവ് കൊളംബോയിലും ലണ്ടനിലും വെച്ച്  പാകിസ്താൻ പ്രതിനിധികളുമായി നാല് കൂടിക്കാഴ്ചകളിലാണ് പ​ങ്കെടുത്തതെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് ആരോപിച്ചു. 

വിശാല ബംഗളൂരു അതോറിറ്റി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ടയാൾ ഹിൽട്ടൺ ഹോട്ടലിൽ പോയി അപകടകാരിയായ ഐ.എസ്.ഐയുടെ മുൻ മേജർ ജനറൽ ഉൾപ്പെടെയുള്ള മുതിർന്ന പാകിസ്താൻ ഉദ്യോഗസ്ഥരെ കാണുകയാണ് ചെയ്തത്. വിശാല ബംഗളൂരു അതോറിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നയാളാണ് റാം മാധവെന്നും ഹരിപ്രസാദ് പറഞ്ഞു. പാർട്ടി പ്രചാരണ സമിതി യോഗത്തിനിടെ, ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് ആരോപണം ഉന്നയിച്ചത്.

റാം മാധവിന്റെ സന്ദർശനം പാകിസ്താനുമായി ചർച്ചകളെ പിന്തുണയ്ക്കുന്ന ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവതിന്റെ സമീപകാല പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ്. ‘ഈ കൂടിക്കാഴ്ചകൾ നടത്താൻ അദ്ദേഹത്തിന് ആരാണ് അനുമതി നൽകിയത്?" റാം മാധവ് വിദേശകാര്യ മന്ത്രിയോ എം.എൽ.എയോ എം.പിയോ അല്ല. പിന്നെ എങ്ങനെയാണ് ആർ.എസ്.എസ് രാജ്യത്തിന്റെ വിദേശനയങ്ങളിൽ തീരുമാനമെടുക്കുന്നത് -ഹരിപ്രസാദ് ചോദിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പി പാകിസ്താൻ, മാംസം, മംഗളസൂത്ര, ഹലാൽ, ഹിജാബ് തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുമെന്നും എന്നാൽ, സാധാരണക്കാരായ തൊഴിലാളികളെക്കുറിച്ചോ കർഷകരെക്കുറിച്ചോ സംസാരിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ അവർക്ക് പാകിസ്താൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താം. ഇക്കാര്യത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഹരിപ്രസാദ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയായി മൻമോഹൻ സിങ്ങും പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയും അധികാരത്തിലിരുന്നപ്പോൾ ഭീകരവാദത്തെ പിന്തുണക്കുന്നത് നിർത്താതെ പാകിസ്താനുമായി ചർച്ചയില്ലെന്നു തന്നെ കോൺഗ്രസ് വ്യക്തമായ നിലപാടെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആരോപണങ്ങൾ റാം മാധവ് തള്ളി. ഇതൊരു ട്രാക്ക്-2 ചർച്ചയേ ആയിരുന്നില്ല. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച സൗത്ത് ഏഷ്യ ഡയലോഗായിരുന്നു. ഇന്ത്യ, ശ്രീലങ്ക, യു.എസ്, യുകെ, അഫ്ഗാനിസ്താൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ പങ്കെടുത്തത്. രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ താൻ പൂർണമായി പങ്കെടുത്തിട്ടില്ല. ഒരു പ്രത്യേക സെഷനിൽ സംസാരിക്കാൻ മാത്രമാണ് തനിക്ക് ക്ഷണം ലഭിച്ചത്. ആ സെഷനിൽ സംസാരിച്ച ശേഷം താൻ അവിടെനിന്നും മടങ്ങി - റാം മാധവ് എക്സിൽ കുറിച്ചു.

ഒരു കഥയുമില്ലാത്ത ഒരു വിഷയത്തെ മാധ്യമങ്ങളും കോൺഗ്രസും ചേർന്ന് രാഷ്ട്രീയമായി തിരിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Ram Madhav held ‘secret’ meetings with Pakistani officials: B K Hariprasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.