‘ബി.ജെ.പി ഗുണ്ടകൾ മുട്ടയും കല്ലും എറിഞ്ഞ് അക്രമം അഴിച്ചുവിട്ടു, പൊലീസ് വെറും കാഴ്ചക്കാരായി നിന്നു’; വിഡിയോ പങ്കുവെച്ച് മഹുവ മൊയ്‌ത്ര

കൊൽക്കത്ത: തനിക്കെതിരെ ബി.ജെ.പി പ്രവർത്തകർ വ്യാപകമായി മുട്ടയേറ് നടത്തി അക്രമം അഴിച്ചുവിട്ടെന്നും പൊലീസ് അതിനായി ഒത്താശ ചെയ്തെന്നും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര. അക്രമത്തിൽ പരിക്കേറ്റതായും സംഭവത്തിന്റെ വിഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ട് മഹുവ മൊയ്‌ത്ര വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ സ്വന്തം മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുമായി സ്വകാര്യ ഓഫിസിൽ യോഗം ചേരുന്നതിനിടെയാണ് ജനക്കൂട്ടം ഓഫിസിനു നേരെ മുട്ടയും കല്ലും എറിഞ്ഞത്. താൻ സംസാരിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ജനലുകൾക്ക് നേരെ ഒരു കൂട്ടം ആളുകൾ മുട്ടയെറിയുന്നതും ആർപ്പുവിളിക്കുന്നതും പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

"ബി.ജെ.പി ഗുണ്ടകൾ എന്നെ ആക്രമിക്കുമ്പോൾ പൊലീസ് വേദിയിൽ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണുണ്ടായത്. ജനലിനടുത്തേക്ക് നീങ്ങിയപ്പോൾ തനിക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു" -മഹുവ എക്സിൽ കുറിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ യാതൊരു ശ്രമവും നടത്തിയില്ലെന്ന് പശ്ചിമ ബംഗാൾ ഡി.ജി.പി സിദ്ധ നാഥ് ഗുപ്തയ്ക്ക് അയച്ച വിഡിയോ സന്ദേശത്തിൽ എം.പി ആരോപിച്ചു. ഡി.ജി.പിയെ നേരിട്ട് വിളിച്ച് ലൊക്കേഷൻ കൈമാറിയിട്ടും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ക്രമസമാധാനം പാലിക്കാനും ജനക്കൂട്ടത്തെ അടിയന്തരമായി പിരിച്ചുവിടാനും ഡി.ജി.പി ഇടപെടണമെന്നും മഹുവ ആവശ്യപ്പെട്ടു.

ബംഗാളിൽ സമീപകാലത്തായി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ വ്യാപകമായ അക്രമണങ്ങൾ നടന്നിരുന്നു. മേയ് 30ന് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ സോനാർപൂരിൽ വെച്ച് കല്ലേർ നടന്നിരുന്നു. തെരഞ്ഞെടുപ്പാനന്തര അക്രമബാധിതരെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അഭിഷേകിന് നേരെ ആക്രമണം നടന്നത്. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അഭിഷേകിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ജൂൺ 15നായിരുന്നു പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ കാളീഘട്ടിലെ വസതിക്ക് പുറത്തുവെച്ച് ടി.എം.സി എം.എൽ.എ കുനാൽ ഘോഷിന് നേരെയും സമാനമായ രീതിയിൽ അക്രമമുണ്ടായത്. കൂടാതെ, ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ തൃണമൂൽ യുവജന നേതാവ് സൗമിത്ര ബാനർജിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും ഒരു സംഘം ആളുകൾ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്ത് തൃണമൂൽ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി ആസൂത്രിത അക്രമങ്ങളാണ് നടത്തുന്നതെന്നാണ് പാർട്ടി പറയുന്നത്.

Tags:    
News Summary - 'BJP goons unleashed violence by throwing eggs and stones, police stood by as mere spectators'; Mahua Moitra shares video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.