യഥാർഥ തൃണമൂൽ ഏതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീർപ്പാക്കും; ഇരു പക്ഷത്തെയും ഡൽഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: യഥാർഥ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ഏതെന്ന തർക്കം തീർപ്പാക്കാൻ മമത പക്ഷത്തെയും വിമത പക്ഷത്തെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ന്യൂഡൽഹിയിലെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പാർട്ടിയുടെ പേരിനും ചിഹ്നത്തിനും കോടിക്കണക്കിന് രൂപയുടെ ആസ്തികൾക്കും യഥാർഥ അവകാശി ഏത് വിഭാഗമാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് കമീഷൻ ഇരുപക്ഷങ്ങളെയും ഡൽഹിക്ക് വിളിപ്പിക്കുന്നത്.

തങ്ങളടെ പക്ഷം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കമീഷൻ ആസ്ഥാനത്തെത്തുമെന്ന് വിമത നേതാവ് ഋതബ്രത ബാനർജി ‘മാധ്യമ’ത്തോട് പറഞ്ഞു. ശിവസേനയും എൻ.സി.പിയും എ.ഐ.എ.ഡി.എം.കെയും പിളർന്നപ്പോൾ അനുവർത്തിച്ച അതേ രീതി ടി.എം.സിയുടെ കാര്യത്തിലും കമീഷൻ എടുക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാൾ നിയമസഭയിൽ ടി.എം.സിക്ക് ആകെയുള്ള 80 എം.എൽ.എമാരിൽ 58 പേരും ഒപ്പമുണ്ടെന്ന് പറയുന്ന വിമതപക്ഷം യഥാർഥ പാർട്ടി തങ്ങളാണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ആസ്തിയും തങ്ങളുടേതാണെന്ന് അവകാശം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ അവർ സമീപിച്ചിട്ടുമുണ്ട്. നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മമതാ ബാനർജിയെ നീക്കി പകരം മുതിർന്ന എം.എൽ.എ അരൂപ് റോയിയെ അധ്യക്ഷനായി നിയമിച്ചു. 30 അംഗ സമാന്തര ദേശീയ പ്രവർത്തക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടിക സമർപ്പിക്കുകയും ചിഹ്നത്തിന്‍റെയും പേരിന്‍റെയും ആസ്തികളുടെയും നിയമപരമായ നിയന്ത്രണം തങ്ങൾക്കാണെന്നും അവകാശം ഉന്നയിക്കുകയും ചെയ്തു. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച ഫൈനാൻഷ്യൽ സ്റ്റേറ്റ്‍മെന്‍റ് പ്രകാരം 2025 മാർച്ച് 31ലെ കണക്കനുസരിച്ച് പാർട്ടിക്ക് 876 കോടി രൂപയുടെ ആസ്തിയുണ്ട്. അംഗീകൃത രാഷ്‍ട്രീയ പാർട്ടികളിൽ പിളർപ്പുണ്ടാകുമ്പോൾ ഉളവാകുന്ന തർക്കങ്ങളിൽ അന്തിമ തീർപ്പ് കൽപിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനുണ്ട്. സംഘടനാപരമായ പ്രവർത്തനവും നിയമസഭയിലെ പിന്തുണയും മറ്റും സംബന്ധിച്ച തെളിവുകൾ പരിശോധിച്ചാണ് തീരുമാനമെടുക്കുക. ഇരുപക്ഷവും പാർട്ടി ഭരണഘടനയും അതനുസരിച്ചാണ് പ്രവർത്തിച്ചതെന്നതിന് തെളിവും സമർപ്പിക്കുകയും വേണം.

Tags:    
News Summary - The Central Election Commission will decide which is the real Trinamool; Both parties have been summoned to Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.