ഹസാരിബാഗ്: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള ജൽമ ഗ്രാമം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. നൂറ്റാണ്ടുകളായി വർഗീയ ധ്രുവീകരണങ്ങൾക്കിടയിൽ മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമായി ജൽമ തലയുയർത്തി നിൽക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള, വെറും ഒരു മുസ്‍ലിം കുടുംബം മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിൽ കഴിഞ്ഞ 150 വർഷമായി മുഹർറം ആചരിക്കുന്നത് ഹിന്ദുക്കൾ തന്നെയാണ്.
ഗ്രാമത്തിലെ ഇമാംബാരയുടെ മുറ്റം സന്ധ്യയാകുമ്പോൾ തന്നെ ഭക്തരെക്കൊണ്ട് നിറയും. ഇമാം ഹുസൈന്റെ ഓർമ പുതുക്കി തസിയയും (മരിച്ചവരുടെ സ്മരണക്കായി നിർമിക്കുന്ന മനോഹരമായ സ്മാരക സൗധം) മറ്റും വഹിച്ചുള്ള ഘോഷയാത്രകൾ ഗ്രാമത്തിന്റെ അവിഭാജ്യ ഘടകമാണ്. മുഹർറം മാസത്തിൽ ജൽമ ഗ്രാമം വ്രതാനുഷ്ഠാനങ്ങളിലും മറ്റും സജീവമായി പങ്കുചേരുന്നു.
തങ്ങളുടെ പൂർവികർ പകർന്നുനൽകിയ ഈ ആചാരം മുടങ്ങാതെ കാത്തുസൂക്ഷിക്കുകയാണ് ഈ ഗ്രാമവാസികൾ. ‘ഏകദേശം 150 വർഷമായി ഞങ്ങൾ മുഹർറം ആചരിക്കുന്നു. എന്റെ മുതുമുത്തച്ഛൻ ഖേജൽ തെലിയാണ് ഇതിന് തുടക്കമിട്ടത്. അദ്ദേഹത്തിന് ശേഷം മുത്തച്ഛൻ ലാതേരി തെലിയും പിന്നീട് അച്ഛനും അമ്മാവന്മാരും ഇത് മുന്നോട്ടുകൊണ്ടുപോയി. ഇന്ന് ഞങ്ങളുടെ തലമുറയും ഇത് തുടരുന്നു. വരും തലമുറയും ഈ പാത പിന്തുടരും. ഇതൊരു കാഴ്‌ചവസ്തുവല്ല, മറിച്ച് ഞങ്ങളുടെ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ചരിത്രവും വ്യക്തിത്വവുമാണ്’- ജൽമ മുഹർറം കമ്മിറ്റി പ്രസിഡന്റ് അന്തു സാവ് പറയുന്നു.
മുഹർറം കാലയളവിൽ ഇവിടുത്തെ പ്രധാന ആചാരങ്ങളിലൊന്നാണ് ‘പൈക് ബന്ധൻ’. കർശനമായ ഭക്ഷണക്രമവും പെരുമാറ്റച്ചട്ടങ്ങളും പാലിച്ചുള്ള ഈ വ്രതം അനുഷ്ഠിക്കുന്നവർ ഇമാം ഹുസൈന്റെ സ്മരണാർഥം നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കാളികളാകുന്നു. ആദ്യമായി പൈക് ബന്ധൻ അനുഷ്ഠിക്കുന്ന പ്രവീൺ രവിദാസ് പറയുന്നത്, മുതിർന്നവർ പകർന്നുനൽകിയ ഈ അചഞ്ചലമായ വിശ്വാസമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നാണ്.
സുധീർ സാവ്, രാജു സാവ് എന്നീ രണ്ട് ഹിന്ദുക്കളാണ് ഗ്രാമത്തിലെ ഇമാംബാരയുടെ പരിപാലകർ. വർഷം മുഴുവനും ഇവർ ഇമാംബാര വൃത്തിയാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നു. ഈ വർഷം മുഹർറമിന് മുന്നോടിയായി പുതിയ മതിലും പെയിന്റങും ഉൾപ്പെടെയുള്ള വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകി.
ചാദ്‌വ അണക്കെട്ടിന് സമീപം നടക്കുന്ന വാർഷിക മുഹർറം ഘോഷയാത്രയിൽ ജൽമയുൾപ്പെടെയുള്ള ഗ്രാമങ്ങൾ ഒത്തുചേരുന്നു. 1960-65 കാലഘട്ടങ്ങളിൽ ലൂട്ട, സാൽഗാവൻ, കട്മ തുടങ്ങിയ പല ഗ്രാമങ്ങളും ഹിന്ദുക്കൾ നേതൃത്വം നൽകിയിരുന്ന മുഹർറം ഘോഷയാത്രകൾ നിർത്തിവെച്ചെങ്കിലും ജൽമ പാരമ്പര്യം കൈവിടാതെ തുടർന്നു. ചാദ്‌വ മുഹർറം കമ്മിറ്റി അംഗം സാജിദ് അലി ഖാൻ പറയുന്നത്, ഈ ഗ്രാമം ഇന്ത്യക്ക് തന്നെ അഭിമാനമാണെന്നാണ്. ഈ വർഷത്തെ തസിയ മത്സരത്തിൽ ഒന്നാം സമ്മാനം ജൽമക്കാണ് ലഭിച്ചത്.
‘മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർ വിഭജിക്കപ്പെടുന്ന കാലത്ത്, സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഈ ആചാരത്തിലൂടെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. വിശ്വാസം മനുഷ്യരെ തമ്മിൽ അകറ്റാനല്ല, അടുപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്’ - അന്തു സാവ് ഓർമിപ്പിക്കുന്നു. മതപരമായ വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യനന്മക്ക് വേണ്ടി ഒത്തുചേരുന്ന ജൽമയുടെ ഈ പ്രവർത്തനം വലിയൊരു സന്ദേശമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.