വാഷിങ്ടൺ: അമേരിക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ടെക്കിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശിയും നെബ്രാസ്കയിലെ ഒമാഹയിൽ താമസക്കാരനുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) ആണ് കൻസാസിലുണ്ടായ വൻ പ്രളയത്തിൽപ്പെട്ട് ജീവൻ നഷ്ടമായത്. എച്ച്-1ബി വിസയിൽ ഐ.ടി ജീവനക്കാരനായിരുന്ന വെങ്കിടേഷ്, അമേരിക്കയിൽ ഉപരിപഠനവും നടത്തിവരികയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കൻസാസ് വഴി ഹൂസ്റ്റണിലേക്ക് കാറോടിച്ചു പോകുന്നതിനിടെയാണ് വെങ്കിടേഷ് അപകടത്തിൽപ്പെട്ടത്. ഈ പ്രദേശങ്ങളിൽ ആറ് ഇഞ്ചിലധികം ശക്തമായ മഴ പെയ്തതിനെ തുടർന്ന് പെട്ടെന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു പാലത്തിന് സമീപം വെങ്കിടേഷ് സഞ്ചരിച്ച കാർ വെള്ളത്തിൽ മുങ്ങിയതായി ദൃക്സാക്ഷികൾ അറിയിച്ചതിനെ തുടർന്ന് സുമ്നർ കൗണ്ടിയിൽനിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും കുത്തൊഴുക്ക് കാരണം കാറിന് അടുത്തെത്താൻ സാധിച്ചില്ല. തുടർന്ന് പൊലീസ് ഡ്രോണുകളുടെയും കൻസാസ് ഹൈവേ പട്രോൾ എയർ യൂനിറ്റിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ദിവസം മൃതദേഹം കണ്ടെടുത്തത്.
വെങ്കിടേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലറ്റ് ജനറൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കൻസാസ് സംസ്ഥാന നിയമപാലകരുമായും കുടുംബാംഗങ്ങളുമായും ചേർന്ന് കോൺസുലറ്റ് ആവശ്യമായ നിയമനടപടികൾ ഏകോപിപ്പിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.