‘ഭോജ്ശാല-കമാൽ മൗല മസ്ജിദ് വിധി തെറ്റായ കീഴ്‌വഴക്കം, ബാബരി ആവർത്തിക്കുന്നു’ -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: ഭോജ്ശാല-കമാൽ മൗല മസ്ജിദ് തർക്കത്തിൽ മധ്യപ്രദേശ് ഹൈകോടതി പുറപ്പെടുവിച്ച വിധി തികച്ചും തെറ്റാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഭരണഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങളും ചരിത്രരേഖകളും ആരാധനാലയ നിയമവും പൂർണമായി അവഗണിച്ചാണ് കോടതി ഉത്തരവാണിതെന്നും ഇത് ബാബരി മസ്ജിദ് വിധിക്ക് സമാനമായ തെറ്റായ കീഴ്‌വഴക്കമാണ് രാജ്യത്ത് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഭോജ്ശാല സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കേസ് നിലനിൽക്കെയാണ് കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചിരിക്കുന്നത്. 1935ലെ ധാർ സ്റ്റേറ്റ് ഗസറ്റ്, 1985ലെ വഖഫ് രജിസ്ട്രേഷൻ രേഖകൾ എന്നിവ കോടതി പരിഗണിച്ചില്ല. ഒരു വിഭാഗത്തിന് മാത്രം മുൻഗണന നൽകുകയും മറ്റ് സമുദായങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നതാണ് പുതിയ വിധിയെന്നും ഉവൈസി പറഞ്ഞു. രാജ്യത്തുടനീളമുള്ള മറ്റ് ആരാധനാലയങ്ങളെച്ചൊല്ലിയും ഭാവിയിൽ ഇത്തരം തർക്കങ്ങൾ ഉടലെടുക്കാൻ ഈ വിധി കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ധാർ ജില്ലയിലെ തർക്ക മന്ദിരമായ ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വിധിച്ചത്. ചരിത്രകാലത്ത് ഇവിടെ സംസ്കൃത പഠനകേന്ദ്രവും സരസ്വതി ക്ഷേത്രവും നിലനിന്നിരുന്നതായാണ് കോടതി വാദിച്ചത്. ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവാസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഈ അപ്രാപ്യമായ വിധി.

അതേസമയം, മുസ്‌ലിം വിഭാഗത്തിന് പള്ളി നിർമിക്കുന്നതിനായി ധാർ ജില്ലയിൽ അനുയോജ്യമായ മറ്റൊരു ഭൂമി അനുവദിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു. മൗലാന കമാലുദ്ദീൻ വെൽഫെയർ സൊസൈറ്റി അപേക്ഷ നൽകിയാൽ സർക്കാർ ഇത് പരിഗണിക്കണം. ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് ജുമുഅ നമസ്കാരത്തിനുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 2003ൽ ഉണ്ടാക്കിയ താൽക്കാലിക ക്രമീകരണം കോടതി റദ്ദാക്കുകയും ചെയ്തു.

കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ) കഴിഞ്ഞ വർഷം സമർപ്പിച്ച ശാസ്ത്രീയ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്ന കോടതിയുടെ വിധി. മസ്ജിദ് നിർമിക്കുന്നതിന് മുമ്പ് പരമാര രാജവംശത്തിന്റെ കാലത്തുള്ള വലിയൊരു നിർമിതി ഇവിടെയുണ്ടായിരുന്നുവെന്നും ക്ഷേത്ര അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് നിലവിലെ കെട്ടിടം നിർമിച്ചതെന്നുമാണ് എ.എസ്.ഐ റിപ്പോർട്ടിൽ പറയുന്നത്.

Tags:    
News Summary - 'The verdict that the Bhojshala complex is a Saraswati temple is a wrong precedent, repeating Babri' - Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.