ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘വിബി ജി റാം ജി’ ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പുതിയ നിയമ ഭേദഗതി നടപ്പിലാവുമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2005ൽ യു.പി.എ സർക്കാർ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) പേരിലും ഘടനയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് വികസിത ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി റാം ജി) എന്ന പേരിൽ കേന്ദ്രം പുതിയ നിയമമായി അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ കേന്ദ്രം അവതരിപ്പിച്ച ബില്ലിൻ മേൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾ മറികടന്നാണ് നിയമമായി മാറിയത്. ബില്ലിൽ ഡിസംബർ അവസാനത്തിൽ തന്നെ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചിരുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള നിലവിലെ തൊഴിലുകൾ ജൂൺ 30 വരെ തുടരുമെന്നും, അതേസമയം തടസ്സമില്ലാതെ തന്നെ അടുത്ത ദിവസത്തോടെ ഇത് പുതിയ പദ്ധതിയുടെ ഭാഗമായി മാറുമെന്നും മന്ത്രാലയം വിശദീകരിച്ചു. പുതിയ ഗ്രാമീൺ റോസ്ഗാർ ഗാരൻറി കാർഡ് ലഭ്യമാകുന്നതുവരെ നിലവിലെ തൊഴിൽ കാർഡിന് സാധുതയുണ്ടാകും.ഇ-കെവൈസി പൂർത്തിയാകുന്നതോടെ പുതിയ തൊഴിൽ കാർഡ് നൽകും. എന്നാൽ, ഇതില്ലാത്തതിന്റെ പേരിൽ തൊഴിൽ നിഷേധിക്കുകയില്ല. പുതിയ രജിസ്ട്രേഷൻ ഗ്രാമപഞ്ചായത്ത് തലത്തിൽ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വേതന വിതരണം, പരാതി പരിഹാരം ഉൾപ്പെടെ കാര്യങ്ങളിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തയാറാക്കി അന്തിമ രൂപം നൽകിയ ശേഷം പ്രസിദ്ധീകരിക്കും. പഞ്ചായത്തിരാജ് സംവിധാനത്തെ തകർക്കുന്നതാണ് പുതിയ പദ്ധതിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഗ്രാമീണ ഇന്ത്യയുടെ തൊഴിലില്ലായ്മയും പട്ടിണിയും മാറ്റിയ പദ്ധതിയുടെ പേരിൽ നിന്നും രാഷ്ട്രപിതാവിന്റെ പേര് വെട്ടിയതും വിവാദമായി. 100 ദിവസത്തെ തൊഴിലുറപ്പായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പിലൂടെ നൽകിയതെങ്കിൽ, പുതിയ നിയമ പ്രകാരം ഇത് 125 ദിവസമായി ഉയർത്തി. എന്നാൽ, നേരത്തെ മുഴുവൻ വേതനവും കേന്ദ്രമാണ് നൽകിയതെങ്കിൽ, വിബി ജി റാം ജി പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാറുകളും വഹിക്കണം.രാജ്യത്തെ സാധാരണക്കാരുടെ തൊഴിൽ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണമാണ് മോദി സർക്കാർ നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.