ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമത്തിലും രാമക്ഷേത്ര കൊള്ളയിലും പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയുടെ മകളുടെ ഡൽഹിയിലെ വിവാഹ സൽക്കാര ചടങ്ങ് അപൂർവമായ ഒരു രാഷ്ട്രീയ കാഴ്ചക്ക് വേദിയായി. രാഷ്ട്രീയ എതിരാളികളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരേ വേദിയിലെത്തി.
വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാക്കെതിരായ കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് രേവതി സുലെയുടെ വിവാഹ സൽക്കാരത്തിൽ ഇരുവരും ഒന്നിച്ചെത്തിയത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലണ്. കൈകൾ പിന്നിൽ കെട്ടി നവവധൂവരന്മാർക്ക് ആശംസ നേരാനായി കാത്തുനിൽക്കുന്ന അമിത് ഷായും സമീപത്തായി രാഹുൽ ഗാന്ധിയും നിൽക്കുന്നതാണ് ചിത്രങ്ങൾ. വേദിയിലുള്ള വധൂവരന്മാരെ കാണാനെത്തിയ അമിത് ഷായെ സുപ്രിയ സുലെ സ്വീകരിച്ചു. പിന്നാലെ കൈകൾ കൂപ്പി വണങ്ങിയ അമിത് ഷാ ദമ്പതികളെ അനുഗ്രഹിക്കുകയും പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു.
ദമ്പതികൾ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു. തുടർന്നാണ് സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം രാഹുൽ ഗാന്ധി വേദിയിലെത്തിയത്. വേദിയിൽ അതിഥികളെ അഭിവാദ്യം ചെയ്തതിനു പിന്നാലെ സോണിയാ ഗാന്ധി ഒരു വശത്തേക്ക് നീങ്ങി. എന്നാൽ സുപ്രിയ സുലെ അവരെ തിരികെ വധൂവരൻമാരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടുവരികയും രാഹുൽ ഗാന്ധിയെ ദമ്പതികളുടെ അടുത്തായി നിർത്തിയ ശേഷം മാറിനിൽക്കുകയും ചെയ്തു. ഡൽഹിയിലെ ആറ് ജൻപഥിൽ നടന്ന സൽക്കാരത്തിൽ രഷ്ട്രീയ, സമൂഹിക, വ്യാവസായ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു. ജൂണിൽ മുംബൈയിലാണ് നാഗ്പൂർ വ്യവസായിയായ സാരംഗ് ലഖാനിയുമായുള്ള രേവതി സുലെയുടെ വിവാഹം നടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഡൽഹിയിൽ സൽക്കാരം സംഘടിപ്പിച്ചത്. ജൂലൈ 20ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനുനേരെ ഡൽഹി പൊലീസും ദ്രുതകർമസേനയും യൂനിഫോമിലല്ലാത്ത അജ്ഞാതരും ചേർന്ന് നടത്തിയ ആക്രമണത്തെ തുടർന്നാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നും അമിത് ഷാ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടങ്ങിയത്.
മോദിയും അമിത് ഷായും രണ്ടാഴ്ച കഴിഞ്ഞിട്ടും പാർലമെന്റിന്റെ ഇരുസഭകളിലും വരാതിരുന്നതോടെയാണ് പ്രതിഷേധം കടുത്തത്. അതിനിടയിലാണ്, സമ്മേളനം തീരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കേ പ്രതിപക്ഷവുമായി സമവായത്തിലെത്താൻ അവസാന നീക്കം കേന്ദ്ര സർക്കാർ നടത്തിയത്. പൊലീസ് അതിക്രമത്തിൽ മറുപടി പറയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.
എന്നാൽ, പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽനിന്ന് പിന്മാറണമെന്നുമുള്ള സർക്കാർ നിർദേശം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തള്ളി. ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായരാമക്ഷേത്ര കൊള്ളയിൽ ചർച്ച വേണമെന്ന ആവശ്യം കൂടി അംഗികരിക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു. വർഷകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ സുപ്രധാന അജണ്ടകളായ മണ്ഡല പുനർ നിർണയ ബില്ലിനും എഫ്.സി.ആർ.എ ഭേദഗതി ബില്ലിനും വഴിയൊരുക്കാൻ പാടുപെടുമ്പോഴാണ് സർക്കാറിനെ പ്രതിപക്ഷം സമ്മർദത്തിലാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.