ചന്ദ്രകുമാർ ബോസ്

നേതാജിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം; യുവാക്കൾക്കായി ‘ആസാദ് ഹിന്ദ് പാർട്ടി’ പ്രഖ്യാപിച്ച് സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ

കൊൽക്കത്ത: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാർ ബോസ്. ‘ആസാദ് ഹിന്ദ് പാർട്ടി’യാണ് രൂപവത്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളെ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്നും നേതാജിയുടെ ആശയങ്ങളും മതനിരപേക്ഷതയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്നും ചന്ദ്രകുമാർ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയത്തിലും വിവിധ സ്ഥാപനങ്ങളിലുമുള്ള വ്യാപകമായ അഴിമതിയാണ് യുവാക്കളെ നിലവിലെ സംവിധാനത്തോട് നിരാശരാക്കിയതെന്ന് ചന്ദ്രകുമാർ ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, വ്യവസായം തുടങ്ങിയ മേഖലകളിലടക്കം അഴിമതി ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുകളോടും ഭരണസംവിധാനങ്ങളോടും യുവാക്കൾക്ക് മടുപ്പ് തോന്നിയിരിക്കുകയാണെന്നും അവരുടെ അവകാശങ്ങൾക്കായി പോരാടാൻ പുതിയ രാഷ്ട്രീയ ഇടം ആവശ്യമാണെന്നും ചന്ദ്രകുമാർ വ്യക്തമാക്കി. അടുത്തിടെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ജെൻ സി പ്രതിഷേധങ്ങളാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആശയത്തിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നേടി ഏകദേശം 80 വർഷങ്ങൾക്ക് ശേഷവും യുവാക്കൾ വീണ്ടും മുന്നോട്ടുവരുന്ന കാഴ്ചയാണ് പ്രതിഷേധങ്ങളിൽ കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ​നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ വേദിയായിരിക്കും പുതിയ പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

2016ൽ ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ ചേർന്നിരുന്നു. നേതാജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ബി.ജെ.പിക്കുള്ളിൽ ‘ആസാദ് ഹിന്ദ് മോർച്ച’ രൂപവത്കരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ഏഴ് വർഷത്തോളം കാത്തിരുന്നിട്ടും അത് യാഥാർഥ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ബി.ജെ.പിയിൽ ചേർന്നത് തെറ്റായി പോയെന്ന് വ്യക്തമാക്കി പാർട്ടി വിടുകയും 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേരുകയുമായിരുന്നു. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസും വിട്ടു.

Tags:    
News Summary - യുവാക്കൾക്കായി ആസാദ് ഹിന്ദ് പാർട്ടി പ്രഖ്യാപിച്ച് സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.