ന്യൂഡൽഹി: ആകാശച്ചുഴിയിൽപെട്ട എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് രണ്ടാമത്തെ ലഹരി പരിശോധനയിലും പരാജയപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് അഞ്ചിനാണ് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടത്. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു.
വിമാനം ഏകദേശം അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയിൽ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. പിന്നാലെയാണ് പൈലറ്റുമാരെ ലഹരി പരിശോധനക്ക് വിധേയരാക്കിയത്. ഡൽഹിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പൈലറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കഞ്ചാവ് ഉപയോഗിച്ചതായി സംശയിക്കുന്നു. വിമാനം 300 അടി താഴ്ചയിലേക്ക് പതിക്കുമ്പോൾ പൈലറ്റ് തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നും സഹപൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചതെന്നും പറയുന്നു.
വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ആകാശച്ചുഴിയിൽപെട്ടതിനും ലഹരി ഉപയോഗത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. സിവിൽ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ പരിശോധനക്ക് വിധേയനാക്കിയത്. എയർ ഇന്ത്യയുടെ സ്ഥനമൊഴിയുന്ന സി.ഇ.ഒ ക്യാമ്പ് ബെൽ വിൽസൺ ന്യൂഡൽഹിയിലെ വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് പരിശോധന ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.
വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എ.എ.ഐ.ബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച വിൽസൺ, അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ അധികൃതർ കൈമാറിയിട്ടുണ്ടെന്നും തുടർനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമയാന മന്ത്രി അറിയിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.