ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ആർ.ബി. ഉദയകുമാർ നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നടി തൃഷ കൃഷ്ണനെ എപ്പോഴാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എന്നായിരുന്നു മുൻ മന്ത്രി കൂടിയായ ഉദയകുമാറിന്‍റെ പരിഹാസം.
നേരത്തെ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശം വലിയ വിവാദമായിരുന്നു. തഞ്ചാവൂരിൽ കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽതഞ്ചാവുർ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ.ഐ.എ.ഡി.എം.കെ നേതാവും വിജയിയെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്.
ആഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ നടന്ന പാർട്ടി പരിപാടിയിലാണ് എ.ഐ.എ.ഡി.എം.കെ നേതാവ് തൃഷയെ വിജയുമായി ചേർത്തുവെച്ച് പ്രസംഗിച്ചത്. മിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെയും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രവർത്തിച്ച നിർമാതാക്കളെയും സാങ്കേതിക പ്രവർത്തകരെയുമാണ് വിവിധ ഔദ്യോഗിക പദവികളിൽ നിയമിക്കുന്നതെന്ന് ഉദയകുമാർ ആരോപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്ര ട്രസ്റ്റി, ഡൽഹിയിലെ തമിഴ്‌നാട് സർക്കാറിന്റെ പ്രത്യേക പ്രതിനിധി, മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് മേധാവി, സർക്കാർ ഉപദേഷ്ടാക്കൾ തുടങ്ങിയ പദവികളിൽ നിയമിക്കപ്പെട്ടവരുടെ പേരുകൾ അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നുണ്ട്.
തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയാക്കുന്നത് എന്ന് പരിഹാസ്യമായി ചോദിക്കുന്നതും വിഡിയോയിൽ കാണാനാകും. ഇതിനിടെ, നടി തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടു. “ഈ പ്രായത്തിലുള്ള നാടകം ലജ്ജാകരമാണ്... പോയി കുറച്ചു പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ” എന്നായിരുന്നു ആ കുറിപ്പ്. പോസ്റ്റിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. എന്നാൽ, ഉദയകുമാറിന്റെ പരാമർശങ്ങൾ അടങ്ങിയ വിഡിയോ പുറത്തുവന്ന അതേ ദിവസമാണ് തൃഷയുടെ സ്റ്റോറി പങ്കുവെച്ചത്.
കഴിഞ്ഞദിവസം, വിജയ്‌യിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത നൽകിയ ഹരജി പിൻവലിച്ചിരുന്നു. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിജയിന്റെ അമ്മ ഇടപെട്ടു നടത്തിയ ശ്രമങ്ങളാണ് വിജയിച്ചതെന്നാണ് വിവരം. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് അടക്കം ആരോപിച്ച് ഫെബ്രുവരിയിലാണ് സംഗീത ഹർജി നൽകിയത്. അഞ്ചു വർഷത്തിലേറെയായി ഇരുവരും വേർപിരിഞ്ഞാണു ജീവിക്കുന്നത്. 1999ലായിരുന്നു വിജയ്-സംഗീത വിവാഹം. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.