മണ്ഡല പുനർനിർണയത്തെ എതിർത്ത് വിജയ് സർക്കാർ; നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

ചെന്നൈ: കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നടപടിക്കെതിരെ (ഡിലിമിറ്റേഷൻ) തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് പ്രമേയം അവതരിപ്പിക്കും. നിലവിലെ 543 ലോക്സഭാ സീറ്റുകളും സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനവും സ്ഥിരമായി നിലനിർത്തണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടും.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും തമിഴ്നാട് സർക്കാർ നിലപാട് വ്യക്തമാക്കി. ഡിലിമിറ്റേഷനുമായി ബന്ധപ്പെട്ട ചർച്ചക്കായി ശനിയാഴ്ച കലൈവാനർ അരങ്ങിൽ വിജയ് അധ്യക്ഷത വഹിച്ച എം.പിമാരുടെ യോഗത്തിന് ശേഷമാണ് നീക്കം.

ലോക്സഭയിലെ ആകെ സീറ്റുകൾ 543 ആയി സ്ഥിരപ്പെടുത്തുക, ഓരോ സംസ്ഥാനത്തിനും നിലവിൽ അനുവദിച്ചിരിക്കുന്ന ലോക്സഭാ സീറ്റുകളുടെ എണ്ണം മാറ്റമില്ലാതെ നിലനിർത്തുക, ലോക്സഭയും രാജ്യസഭയും തമ്മിലുള്ള നിലവിലെ 2.2:1 അനുപാതം സ്ഥിരമായി സംരക്ഷിക്കുക എന്നിവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ.

കൂടാതെ, വനിതാ സംവരണം വൈകിപ്പിക്കരുതെന്നും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ 33 ശതമാനം സംവരണം നടപ്പാക്കണമെന്നും വിജയ് സർക്കാർ ആവശ്യപ്പെടും. നിലവിലുള്ള 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

1971ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റ് വിഭജനം തുടരുന്നത്. 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താനും ലോക്സഭയിലെ അംഗസംഖ്യ 550ൽ നിന്ന് 850 ആയി ഉയർത്താനും ലക്ഷ്യമിട്ട കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതി ബിൽ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു.

ജനസംഖ്യ നിയന്ത്രണം, സാമ്പത്തിക വളർച്ച, ആരോഗ്യ-ക്ഷേമ മേഖലകളിലെ നേട്ടങ്ങൾ എന്നിവ കൈവരിച്ച സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം പ്രതികൂലമാകരുതെന്ന് തമിഴ്നാട് വ്യക്തമാക്കി. പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ സീറ്റുകൾ പുനർവിതരണം ചെയ്താൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

മണ്ഡല പുനർനിർണയ വിഷയത്തിൽ വിജയ് സർക്കാർ നേരത്തെ തന്നെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ദുർബലമാക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വിജയിയുടെ നിലപാട്.

അതിനിടെ, മണ്ഡല പുനർനിർണയത്തെക്കുറിച്ച് വിജയ് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ 21 പേർ പങ്കെടുത്തു. കോൺഗ്രസിൽനിന്ന് 11 പേരും സി.പി.ഐ, സി.പി.എം, വി.സി.കെ എന്നീ പാർട്ടികളിൽനിന്ന് രണ്ടുപേർ വീതവും എം.ഡി.എം.കെ, ഐ.യു.എം.എൽ എന്നിവയിൽനിന്ന് ഒരാൾ വീതവുമാണ് പങ്കെടുത്തത്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ സഖ്യകക്ഷിയായ പി.എം.കെ എന്നിവർ യോഗത്തിൽനിന്ന് വിട്ടുനിന്നു. കോൺഗ്രസ് നേതാവ് പി. ചിദംബരം, വി.സി.കെ മേധാവി തോൾ തിരുമാവളവൻ, എം.ഡി.എം.കെയുടെ ദുരൈ വൈകോ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - മണ്ഡല പുനർനിർണയത്തെ എതിർത്ത് വിജയ് സർക്കാർ | നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.