ആ പിതാവ്​ ഖബറൊരുക്കുകയാണ്​; കശ്​മീരിൽ കൊല്ലപ്പെട്ട മകന്‍റെ മൃതദേഹം തിരികെയെത്തുമെന്ന പ്രതീക്ഷയിൽ

​ശ്രീനഗർ: കശ്​മീരിലെ പുൽവാമയിൽ ആ പിതാവ്​ ഖബറിടം ഒരുക്കുകയാണ്​​​, കഴിഞ്ഞദിവസം സു​രക്ഷ സേനയാൽ കൊല്ലപ്പെട്ട മകന്‍റെ മൃതദേഹം തിരികെയെത്തുമെന്ന പ്രതീക്ഷയോടെ. നാല്​ ദിവസം മുമ്പാണ്​ സോനാമാർഗ്​ ഭാഗത്ത്​ മൂന്നുപേരെ പൊലീസ്​ വെടിവെച്ച്​ കൊലപ്പെടുത്തിയത്​.

ശ്രീനഗർ-ബാരാമുല്ല ഹൈവേയിൽ വലിയ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന തീവ്രവാദികളാണ് ഇവരെന്ന്​​ സുരക്ഷ സേന അവകാശപ്പെടുന്നത്​. എന്നാൽ, മകൻ നിരപരാധിയാണെന്നും വ്യാജ ഏറ്റുമുട്ടലാണ്​ ഉണ്ടായതെന്നും കൊല്ലപ്പെട്ട അതർ മുഷ്താഖ്​ വാനിയുടെ പിതാവ്​ പറയുന്നു. 'അവന്‍റെ മൃതദേഹം തിരികെയെത്തുന്നത്​ വരെ ഞാൻ കാത്തിരിക്കും. അവനെ ഇവിടത്തെ പൂർവികരുടെ ഖബർസ്​ഥാനിൽ മറവ്​ ചെയ്യാനാകുമെന്നാണ്​ പ്രതീക്ഷ' -ഖബറൊരുക്കുന്നതിനിടെ മുഷ്താഖ് പറഞ്ഞു.

അതർ മുഷ്താഖ് വാനിയെ കൂടാതെ അജാസ് മഖ്ബൂൽ ഖാനി, സുബൈർ അഹമ്മദ് ലോണി എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരനായ അതർ മുഷ്താഖ് വാനി 11ാം ക്ലാസ് വിദ്യാർഥിയാണ്. മറ്റു രണ്ടുപേർ പൊലീസ് കുടുംബാംഗങ്ങളാണ്​. പൊലീസ് ഹെഡ് കോൺസ്റ്റബിളിന്‍റെ മകനാണ് 24കാരനായ അജാസ്. 22കാരനായ സുബൈറിന്‍റെ രണ്ട് സഹോദരന്മാരും പൊലീസുകാരാണ്.

യുവാക്കളെ പൊലീസ് വെടിവെച്ച് കൊന്നത്​ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നാണ്​ ബന്ധുക്കളുടെ​ ആരോപണം​. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഡിസംബർ 30നാണ് മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസ് അവകാശപ്പെട്ടത്.

ഡിസംബർ 29ന് വൈകീട്ടാണ് ഭീകരരെ കുറിച്ച് വിവരം ലഭിച്ചത്​. തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസും സി.ആർ.പി.എഫും എത്തി തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. 30ന് രാവിലെ 11.30ഓടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

എ.കെ 47 തോക്കുകളും വെടിക്കോപ്പുകളും ചില രേഖകളും കൊല്ലപ്പെട്ടവരിൽനിന്ന് കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. ദേശീയപാതയിൽ വലിയ ആക്രമണത്തിന് തീവ്രവാദികൾ തയാറെടുക്കുകയായിരുന്നുവെന്നാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് കമാൻഡിങ് ഓഫിസർ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇവരാരും ഭീകരരല്ലെന്നും സാധാരണക്കാരാണെന്നും ബന്ധുക്കൾ പറഞ്ഞു. ഡിസംബർ 29ന് വീടുകളിൽനിന്ന് ഇറങ്ങിയതാണ് യുവാക്കൾ. പിന്നീട് ഇവർ കൊല്ലപ്പെട്ട വിവരമാണ് വീട്ടുകാർക്ക് ലഭിക്കുന്നത്.

ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൂവരും ഉണ്ടായിരുന്നത്. എന്നാൽ, ഏറ്റുമുട്ടലിനെ കുറിച്ച് പ്രദേശവാസികൾക്കും കൂടുതൽ വിവരമില്ല. സാധാരണ ഏറെ സമയം നീണ്ടുനിൽക്കുന്ന ഏറ്റമുട്ടലുകളിൽ സമീപവാസികളെ ഒഴിപ്പിക്കാറുണ്ട്. എന്നാൽ, ഡിസംബർ 29ന് അത്തരത്തിലുള്ള യാതൊരു നിർദേശവും സമീപവാസികൾക്ക് ലഭിച്ചിരുന്നില്ല. കൊല്ലപ്പെട്ടവർക്ക് കീഴടങ്ങാൻ അനൗൺസ്മെന്‍റ് നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇതും ആരും കേട്ടിട്ടില്ല. 

Tags:    
News Summary - That father is preparing the grave; In the hope that the body of the son killed in Kashmir will be returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.