രക്തം സ്വീകരിച്ചതിലൂടെ കുട്ടികള്‍ക്ക് എയ്ഡ്‌സ്; ഉടനടി കേസെടുക്കണമെന്ന് ജാര്‍ഖണ്ഡ് ഹൈകോടതി

റാഞ്ചി: ജാര്‍ഖണ്ഡില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ച കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ജാര്‍ഖണ്ഡ് ഹൈകോടതി. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇത്തരത്തിലുള്ള ഗുരുതര വീഴ്ചയുണ്ടായത്.

ഇരയായ കുട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ഗൗതം കുമാര്‍ ചൗധരി ഉടനടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

എഫ്.ഐ.ആറിന്റെ ഒരു പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കാനും എതിര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രക്തപരിശോധനയിലും ട്രാന്‍സ്ഫ്യൂഷന്‍ പ്രോട്ടോക്കോളിലുമുണ്ടാകുന്ന പിഴവുകള്‍ നിസാരമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഏഴ് വയസുള്ള തലാസീമിയ ജനിതക രോഗം ബാധിച്ച കുട്ടിക്കാണ് ആദ്യം എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുട്ടി 25 യൂനിറ്റ് രക്തം സ്വീകരിച്ചിരുന്നു. അതിനുശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്.

പിന്നാലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച മറ്റ് നാല് കുട്ടികള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരും തലസീമിയ ജനിതക രോഗ ബാധിതരാണ്.

ചൈബാസ സദര്‍ ആശുപത്രിയിലെ രക്തബാങ്കിലെ മെഡിക്കല്‍ അനാസ്ഥയും വ്യവസ്ഥാപിതമായ പരാജയങ്ങളും സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും കുടുംബങ്ങള്‍ക്ക് വേണ്ടി അഭിഭാഷകന്‍ എം.ഡി.ഷദാബ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ അരികുവത്ക്കരിക്കപ്പെട്ട സമൂഹത്തില്‍പ്പെട്ടവരാണെന്നും അണുബാധ കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല മെഡിക്കല്‍, സമൂഹിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Jharkhand High Court Orders Registration Of FIR In Alleged HIV-Infected Blood Transfusion Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.