ന്യൂഡൽഹി: അതിവേഗ റെയിൽപാതക്ക് ഓഫീസ് തുടങ്ങാൻ ഇ. ശ്രീധരന് നിർദേശം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് രാജ്യസഭയിൽ വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര മന്ത്രി. ഇതോടെ, ഇ. ശ്രീധരൻ കേന്ദ്ര സർക്കാന്റെ നിർദേശ പ്രകാരമല്ല അതിവേഗ റയിൽപാതക്കുള്ള ഓഫീസ് തുടങ്ങി പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് വ്യക്തമായി. ഏതൊരാൾക്കും റെയിൽവേയെ സഹായിക്കാൻ ഓഫീസ് തുടങ്ങാമെന്നും അത് സ്വാഗതാർഹമാണെന്നുമായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ മറുപടി നൽകിയത്.
മുസ്‍ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാന്റെ ചോദ്യത്തിനും സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിന്റെ അനുബന്ധ ചോദ്യത്തിനുമാണ് സർക്കാർ ശ്രീധരനെ നിയോഗിച്ചിട്ടില്ലെന്ന സൂചിപ്പിക്കുന്ന മറുപടി മന്ത്രി നൽകിയത്. കേരളത്തിൽ ഇ. ശ്രീധരൻ ഓഫീസ് ആരംഭിച്ചതിന് പിന്നിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശമുണ്ടോയെന്ന ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറ്റു വികസന കാര്യങ്ങൾ പറഞ്ഞ് വ്യക്തമായി ഉത്തരം നൽകിയിരുന്നില്ല. തുടർന്ന് ഹാരിസ് ബീരാന്റെ ചോദ്യത്തിനുള്ള സപ്ലിമെന്റിറിയായി ജോൺ ബ്രിട്ടാസിന് അവസരം ലഭിച്ചപ്പോൾ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന് നൽകിയ മറുപടിയിലാണ് സർക്കാർ അനുമതി നൽകിയോ എന്ന് ഉത്തരം നൽകാതെ ആർക്കും തുടങ്ങാമെന്ന മറുപടി നൽകിയത്.
ജോൺ ബ്രിട്ടാസിന്റെ ചോദ്യം തെറ്റായ ഉദ്ദേശത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി മറുപടി ആരംഭിച്ച മന്ത്രി രാജ്യം മുഴുവന്‍ ആദരിക്കുന്ന വ്യക്തിയാണ് ഇ ശ്രീധരനെന്നും രാജ്യം കണ്ട ഏറ്റവും മികച്ച എന്‍ജിനീയറായ അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ പദ്ധതികളിലും താന്‍ തേടാറുണ്ടെന്നും വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ തന്നെയാണ് തയാറാക്കിയിട്ടുള്ളത്. കൊങ്കണ്‍ റെയില്‍വേയിലും കൊച്ചി മെട്രോയിലുമെല്ലാം അദ്ദേഹത്തിന്‍റെ കഴിവ് രാജ്യം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് നല്ലത് വരുത്താനായി ആര് മുന്നോട്ട് വന്നാലും കേന്ദ്രസര്‍ക്കാര്‍ അതിന് വേണ്ട പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.