പുടിനായി രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ തരൂരിന് ക്ഷണം, രാഹുൽ ഗാന്ധിക്കും ഖാർഗെക്കും ക്ഷണമില്ല, പങ്കെടുക്കുമെന്ന് തരൂർ

ന്യൂഡൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാഡമിർ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നിലേക്ക് ശശി തരൂരിനെ ക്ഷണിച്ചെന്ന് റിപ്പോർട്ട്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല.

തനിക്ക് ക്ഷണം ലഭിച്ചതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ അറിയിച്ചു. 'തനിക്ക് ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് എനിക്കറിയില്ല,' തരൂര്‍ പറഞ്ഞു. അതേസമയം, പാർലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കി ശശി തരൂരിനെ മാത്രം ക്ഷണിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ ബഹുമാനാർത്ഥം ഇന്ന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കുന്നത്. രാഷ്ട്രീയം, ബിസിനസ്, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ വിരുന്നിലേക്ക്ക്ഷണിച്ചിട്ടുണ്ട്. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന് നല്‍കി ആദരിക്കുന്ന കീഴ് വഴക്കമുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രാദേശിക, ആഗോള വിഷയങ്ങളിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ​വൈകിട്ടാണ് പുടിൻ ഡൽഹിയിലെത്തിയത്. പരമ്പരാഗത രീതിയിലുള്ള വരവേൽപ്പാണ് വിമാനത്താവളത്തിൽ പുടിന് ലഭിച്ചത്.

വെള്ളിയാഴ്ച 23-ാമാത് ഇന്ത്യ-റഷ്യ ഉന്നതതല സംഭാഷണങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വിഷയം ചർച്ച ചെയ്തു. ചെറു മോഡുലർ റീയാക്‌ടറുകളുടെ രംഗത്തെ ഉഭയകക്ഷി സഹകരണത്തിനും, വ്യാപരത്തിനും ചർച്ചയിൽ ഊന്നൽ ഉണ്ടായി.

റഷ്യൻ പ്രസിഡന്‍റ് 27 മണിക്കൂറാണ് ഇന്ത്യയിൽ തങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് പ്രാധാന്യം കൂടുതലുണ്ട്. 

Tags:    
News Summary - Sasi Tharoor invited to the banquet hosted by the President for Putin, Rahul Gandhi and Mallakarjun Kharge not invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.